നെതര്‍ലന്‍ഡ്സിലെ ഹാര്‍ലിംഗന്‍ തുറമുഖത്ത് നടന്ന ദീര്‍ഘദൂര പായ്ക്കപ്പല്‍ മത്സരത്തിന്റെ ആദ്യ ഘട്ടത്തിലെ മികച്ച കപ്പലിനുള്ള പുരസ്‌കാരവുമായി ശബാബ് ഒമാൻ-2ലെ ജീവനക്കാർ 

പുരസ്കാര നിറവിൽ ശബാബ് ഒമാൻ-2 നാവിക കപ്പൽ

മസ്കത്ത്: അന്തർദേശീയ പുരസ്കാരങ്ങളുടെ നിറവിൽ 'ശബാബ് ഒമാൻ -2 നാവിക കപ്പൽ. നെതര്‍ലന്‍ഡ്സിലെ ഹാര്‍ലിംഗന്‍ തുറമുഖത്ത് നടന്ന ദീര്‍ഘദൂര പായ്ക്കപ്പല്‍ മത്സരത്തിന്റെ ആദ്യ ഘട്ടത്തിലെ മികച്ച കപ്പലിനുള്ള പുരസ്‌കാരം, ദാനിഷ് എസ്‌ജെര്‍ഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള പുരസ്കാരം എന്നിവയാണ് സ്വന്തമാക്കിയത്. സമാധാനത്തിന്‍റെ സന്ദേശം പകർന്ന് 'ശബാബ് ഒമാൻ രണ്ട്' നാവിക കപ്പൽ നടത്തുന്ന യൂറോപ്യൻ പര്യടനത്തിന്‍റെ ഭാഗമായാണ് നെതർലൻഡ്സിൽ എത്തിയിരിക്കുന്നത്.

നെതർലൻഡ്സിലെ ഹാർലിംഗൻ തുറമുഖത്തെത്തിയ കപ്പലിന് ഊഷ്മള വരവേൽപാണ് ലഭിച്ചത്. നിരവധി ഉദ്യോഗസ്ഥരടക്കമുള്ളവർ കപ്പൽ സന്ദർശിക്കുകയും അതിന്‍റെ യാത്രാലക്ഷ്യങ്ങളെ പറ്റി ചോദിച്ചറിയുകയും ചെയ്തു.

സുൽത്താനേറ്റിന്‍റെ ചരിത്രവും പൈതൃകവും വിശദീകരിക്കുന്ന കപ്പലിലെ ഫോട്ടോ പ്രദർശനം സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളിലൊന്നാണ്. 'ഒമാൻ, സമാധാനത്തിന്‍റെ ഭൂമിക' എന്ന തലക്കെട്ടിൽ യൂറോപ്യൻ ഉപഭൂഖണ്ഡത്തിലേക്ക് നടത്തുന്ന യാത്ര ഏപ്രിൽ 11ന് സുൽത്താനേറ്റിൽനിന്നാണ് ആരംഭിച്ചത്. ഇതിനകം 8500ൽ അധികം നോട്ടിക്കല്‍ മൈലാണ് കപ്പൽ താണ്ടിയിരിക്കുന്നത്.

യാത്രയുടെ ഭാഗമായി ഗ്രീസിലെ ഹെറാക്ലിയോൺ തുറമുഖം, ഇറ്റലിയിലെ കാറ്റാനിയ, സിറാക്കൂസ, സ്പെയിനിലെ ഈവിസ, ഇബിസ, ക്രൊയേഷ്യയിലെ ഡുബ്രോവ്നിക്, ഇംഗ്ലണ്ടിലെ വെസ്റ്റ് ഇന്ത്യൻ ഡോക്സ്, സ്വീഡനിലെ ഗോഥൻബർഗ്, നോർവേയിലെ ക്രിസ്റ്റ്യൻസാൻദ് തുറമുഖങ്ങളിലും കപ്പൽ എത്തിയിരുന്നു. വിവിധ സ്ഥലങ്ങളിൽ നങ്കൂരമിടുന്ന കപ്പൽ കാണാനും യാത്രയെപ്പറ്റി അറിയാനുമായി നിരവധി പേരാണ് എത്തുന്നത്. ലോകസഞ്ചാരത്തിന്‍റെ ഭാഗമായി 18 രാജ്യങ്ങളിലെ 30 തുറമുഖങ്ങൾ സന്ദർശിക്കും.

Tags:    
News Summary - Shabaab Oman-2 Naval Ship Awarded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.