മസ്കത്ത്: സലാല മിൽസ് കമ്പനി 110,000 ടൺ റഷ്യൻ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഗോതമ്പ് എത്തും. മാറുന്ന പ്രാദേശിക ചലനാത്മകതകൾക്കിടയിലും പ്രാദേശികവിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഒമാന്റെ ഗോതമ്പ് കരുതൽശേഖരം വർധിപ്പിക്കുന്നതിനുമുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം. ഈ വർഷത്തെ രണ്ടാംപകുതിയിലെ കമ്പനിയുടെ സംഭരണപദ്ധതിയുമായി കരാർ യോജിക്കുന്നുണ്ടെന്ന് സലാല മിൽസ് ആക്ടിങ് സി.ഇഒ അഹമ്മദ് ബിൻ അമർ അൽ ഷാൻഫാരി പറഞ്ഞു. ഇത് സുൽത്താനേറ്റിലുടനീളം ഭക്ഷ്യവിതരണസ്ഥിരത നിലനിർത്തുന്നതിനുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഉയർന്ന നിലവാരമുള്ള ഗോതമ്പിന്റെ സ്ഥിരമായ വിതരണം ഉറപ്പാക്കി ദേശീയ ഭക്ഷ്യസുരക്ഷാലക്ഷ്യങ്ങളെ പിന്തുണക്കുന്നതിൽ സലാല മിൽസ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒമാനിലെ മുൻനിര മാവ് ഉൽപാദകരിൽ ഒന്നാണ് സലാല മിൽസ്. പ്രതിദിനം 1,500 ടണ്ണാണ് ഉൽപാദനശേഷി.
കമ്പനിയുടെ സംഭരണ സൗകര്യങ്ങൾക്ക് 200,000 ടണ്ണിലധികം ധാന്യങ്ങൾ ഉൾക്കൊള്ളാൻ കഴിയും. ഇത് രാജ്യത്തെ ഭക്ഷ്യവിതരണ ശൃംഖലയിലെ ഒരു പ്രധാനസ്ഥാപനം എന്ന സ്ഥാനം ശക്തിപ്പെടുത്തുന്നു.
അതേസമയം, ഒമാനിലുടനീളമുള്ള കർഷകർ ഈ സീസണിലെ ഗോതമ്പ് വിളവെടുപ്പിന് തുടക്കംകുറിച്ചിട്ടുണ്ട്. നാല് പ്രധാന ഗവർണറേറ്റുകളിൽനിന്നുള്ള മൊത്തം ഉൽപാദനം 7,700 ടൺ കവിയുമെന്നാണ് കണക്കുകൂട്ടൽ.
കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം, കാർഷിക, മത്സ്യബന്ധന വികസന ഫണ്ടുമായി സഹകരിച്ച് 2024-2025 സീസണിലേക്ക് 50 ശതമാനം സബ്സിഡിയോടെ 30 ടൺ ഗോതമ്പ് വിത്തുകൾ വിതരണം ചെയ്തു. വിളവെടുപ്പ് യന്ത്രങ്ങളും സൗജന്യമായി നൽകിയിട്ടുണ്ട്. അതേസമയം ഒമാൻ ഫ്ലോർ മിൽസ് കമ്പനിയാണ് കർഷകരിൽനിന്ന് ഗോതമ്പ് ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.