മനുഷ്യൻ എന്താണ് ? ഭൗതിക ആവശ്യ പൂർത്തീകരണത്തിന് വേണ്ടി മാത്രമുള്ള ശരീരമോ ? അതോ അനുഭവങ്ങളുടെ ആകെത്തുകയായ ചിന്തകളിൽ നിന്നും രൂപപ്പെട്ട മനസ്സിന്റെ തോന്നലുകളോ? ജനിക്കുമ്പോൾ നമ്മൾക്ക് ഇത്തരം ചിന്തകളും, മുൻവിധികൾ ഒന്നുമില്ലായിരുന്നു പക്ഷേ വളർന്ന് വരുമ്പോൾ സമൂഹം നമുക്ക് ഓരോരോ ലെൻസുകൾ സമ്മാനിക്കുന്നു. ഈ സോഷ്യൽ കണ്ടീഷനിങ്ങിന്റെ ഭാഗമായി നമ്മൾ രൂപപ്പെട്ട് വരുമ്പോൾ സംഭവിക്കുന്നത് നമ്മൾ പലപ്പോഴും കാണുന്നതും, മനസ്സിലാക്കുന്നതുമായ യാഥാർഥ്യങ്ങളല്ല മറിച്ചു നമ്മുടെ നേർ കാഴ്ച്ചക്ക് മുകളിലുള്ള ലെൻസിലൂടെ, അതിന്റെ ആംഗിളിലൂടെ നാം കാണേണ്ടി വരുന്നു. അപ്പോൾ കാണുന്നതോ യാതാർഥ്യത്തിന്റെ വെറും പതിപ്പുകൾ മാത്രമാണ്.
റമദാൻ, എന്നെ സംബന്ധിച്ചിടത്തോളം ഈ സ്ഥാപിക്കപ്പെട്ട കാഴ്ചപ്പാടുകൾക്കപ്പുറത്തേക്കുള്ള ഒരു ചുവടു വെപ്പെന്ന നിലക്കാണ്. എന്നിലേക്ക് തന്നെയുള്ള ആത്മനിഷ്ഠമായ ഒരു യാത്ര. ഒപ്പമുളള കൂട്ടുകാരൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ചു നോമ്പ് നോൽക്കുമ്പോൾ ഞാൻ കഴിക്കുന്നത് ശരിയല്ലല്ലോ എന്ന ചിന്തയിൽ തുടങ്ങിയതാെണന്റെ ആദ്യ നോമ്പ്. ഇപ്പോൾ കുറച്ചു വർഷങ്ങളായി കുടുബത്തോടൊപ്പം നോമ്പിന്റെ ചൈതന്യം ഞാൻ അനുഭവിക്കുന്നു. ഈ കാലഘട്ടത്തിൽ ഭൗതികമായ അറിവുകളും തത്ത്വങ്ങളുമെങ്ങും നിറഞ്ഞു നിൽക്കുന്ന ഇൻഫർമേഷൻ ഓവർ ലോഡിന്റെ ചുറ്റുവട്ടത്ത് നിന്നൊന്ന് സ്ലോ ഡൗൺ ചെയ്യാനും, നമ്മുടെ അസ്തിത്വത്തിന്റെ പരിശുദ്ധിയിലേക്ക് അടുക്കാനുമുള്ള സമയമായിട്ടാണ് വ്രതത്തെ ഞാൻ നോക്കിക്കാണുന്നത്. അവനവനിലേക്കുള്ള പവിത്രമായൊരു പ്രയാണം.
നിശ്ശബ്ദതയിൽ ജ്ഞാനമുണ്ടെന്നും, ബാഹ്യമായ ബഹളങ്ങളിൽനിന്ന് മാറി നിൽക്കുമ്പോൾ ശരിയെന്നു കരുതിയ പല വീക്ഷണങ്ങളും ഓഡിറ്റ് ചെയ്യുവാൻ നമ്മൾ ധരിച്ചിരിക്കുന്ന മുമ്പ് സൂചിപ്പിച്ച ലെൻസുകൾ ഓരോന്നായി ഊരി വെക്കേണ്ടി വരും. അപ്പോൾ മനസ്സിലാവും ഇക്കാണുന്ന മനുഷ്യജീവിതം എല്ലാം ഒന്നുതന്നെ. നാം മനുഷ്യർ നാം ഒന്ന്. പലരും പലതായി വ്യവഹരിക്കുന്നുവെന്ന് മാത്രം. ഈ ചിന്ത രമണ മഹർഷിയുടെ വാക്കുകളിൽ ആഴത്തിൽ പ്രതിധ്വനിക്കുന്നുണ്ട്. ഒരാൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് ചോദിച്ചപ്പോൾ, “മറ്റുള്ളവർ ആരാണ്?” എന്ന് അദ്ദേഹം പ്രതികരിച്ചു. നോമ്പുകാലത്ത് ഈ തിരിച്ചറിവ് നമ്മുടെ ഉള്ളിൽ വേരൂന്നുകയാണ്. നമ്മെ വേർതിരിക്കുന്ന അതിരുകൾ നമ്മുടെ ഐഡന്റിറ്റികൾ, നമ്മുടെ വിഭജനങ്ങൾ, നമ്മുടെ മുൻവിധികൾ എല്ലാം മങ്ങാൻ തുടങ്ങുന്നു.
മാനവികതയുടെ വിഹായസ്സിലേക്കുയരാൻ.. സ്നേഹത്തിന്റെ പുതിയ ചക്രവാളങ്ങൾ തീർക്കാൻ റമദാൻ പ്രേരകമാകുന്നു.
മനുഷ്യരെന്ന നിലയിൽ, നമുക്ക് ഒരു അപൂർവ ശക്തി സൃഷ്ടാവ് നൽകിയിട്ടുണ്ട്. മറ്റുള്ള ജീവജാലങ്ങൾ സഹജവാസനയിൽനിന്ന് മാത്രം പ്രവർത്തിക്കേണ്ടി വരുമ്പോൾ, ഹോമോസാപിയൻസിന് സ്വപ്നം കാണാനും സഹാനുഭൂതി കാണിക്കാനും ചുറ്റുമുള്ള ലോകത്തെ രൂപപ്പെടുത്താനുമുള്ള പ്രത്യേക കഴിവുണ്ട്.
ജീവിതത്തിൽ പലപ്പോഴായി നമ്മിൽ വന്നുചേരുന്ന മിഥ്യാധാരണകളിൽ നിന്നും, തിന്മകളിൽ നിന്നും വേർപെടാനും, ഒരിക്കൽ നാം അറിഞ്ഞിരുന്ന പരിശുദ്ധിയുടെ അവസ്ഥയിലേക്ക് മനസ്സിനെ തിരിച്ചു നടത്താനും, സ്വന്തം അസ്തിത്വമെന്ന ലളിതവും, അഗാധവുമായ സത്യത്തെ ഉൾക്കൊള്ളാനും നന്മനിറഞ്ഞ റമദാൻ നാളുകൾ നമുക്ക് തിരിച്ചറിവ് നൽകുന്നതാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.