മസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോഡിലെത്തിയ ശേഷം താഴേക്ക് വരാൻ തുടങ്ങി. ഒരു റിയാലിന് 206.75 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ചൊവ്വാഴ്ച നൽകിയത്. എന്നാൽ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 10 പൈസയുടെ ഉയർച്ച കാണിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച വിനിമയ സ്ഥാപനങ്ങൾ 207.30 രൂപ എന്ന നിരക്ക് വരെ നൽകിയിരുന്നു. വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കറൻസി കൺവെർട്ടർ റിയാലിന് 207.53 രൂപ എന്ന നിരക്കാണ് തിങ്കളാഴ്ച കാണിച്ചത്. ഇത് ജൂലൈ 13ന് ശേഷമുള്ള കുറഞ്ഞ നിരക്കാണ്. വിനിമയ നിരക്ക് കുറയുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.
ഡോളറിന്റെ മൂല്യം കുറഞ്ഞതാണ് രൂപ ശക്തിപ്പെടാൻ പ്രധാന കാരണം. ഡോളറിനെ അപേക്ഷിച്ച് മറ്റ് പ്രധാന ലോകരാജ്യങ്ങളുടെ കറൻസികളും ശക്തി പ്രാപിച്ചു. ഡോളർ ശക്തി കുറയാൻ പ്രധാന കാരണം അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ നയമാണ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെഡറൽ റിസർവ് യോഗം പലിശ നിരക്ക് 75 ബേസിക് പോയൻറായി ഉയർത്തും. രാജ്യം കഴിഞ്ഞ ഒരു വർഷമായി കടുത്ത പണപ്പെരുപ്പം നേരിടുന്ന സാഹചര്യത്തിൽ പലിശ നിരക്ക് 100 ബേസിക് പോയൻറായി ഉയർത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മറ്റ് കറൻസികളെ അപേക്ഷിച്ചുള്ള ഡോളർ ഇൻറക്സ് 0.4 ശതമാനമായി കുറഞ്ഞു.
ഇതോടെ മറ്റ് കറൻസിക്കൊപ്പം ഇന്ത്യൻ രൂപയും ശക്തി പ്രാപിച്ചു. ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ മൂല്യം തിങ്കളാഴ്ച 79.73 രൂപയായിരുന്നു. വെള്ളിയാഴ്ച ഡോളറിന്റെ വില 79.85 രൂപയായിരുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞ് ഡോളറിന്റെ വില 80.065 രൂപ വരെ എത്തിയിരുന്നു. വരും ദിവസങ്ങളിൽ രൂപ ഇനിയും പ്രതിരോധിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഓഹരി വിപണിയിലെ ഇടിവും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കും. എന്നാൽ ഇന്ത്യൻ റിസർവ് ബാങ്ക് രൂപ തകരുന്നതിനെതിരെ നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്. ഇ
തിന്റെ ഭാഗമായി ഡോളർ വിപണിയിൽ ഇറക്കാനുള്ള നടപടികളും റിസർവ് ബാങ്കിന്റെ പരിഗണനയിലുണ്ട്. അതിനാൽ വിനിമയ നിരക്ക് ഇനി വല്ലാതെ ഉയരാൻ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.