സീബിൽ മയക്കുമരുന്നുമായി പിടിയിലായ പ്രതികൾ
മസ്കത്ത്: സീബ് വിലായത്തിൽ കടയിൽ കവർച്ച നടത്താൻ ശ്രമിച്ച രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണശ്രമത്തിനിടെ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. ആർ.ഒ.പിയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് അതിവേഗ നീക്കത്തിലൂടെ പ്രതികളെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതികൾക്കെതിരെയുള്ള തുടർ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.
അതേസമയം, മറ്റൊരു സംഭവത്തിൽ സീബിൽ വൻ മയക്കുമരുന്ന് ശേഖരവുമായി മൂന്ന് വിദേശികളും പിടിയിലായിട്ടുണ്ട്. വിൽപനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തിലധികം നിരോധിത മയക്കുമരുന്ന് ഗുളികകളുമായി മൂന്ന് അറബ് സ്വദേശികളെയാണ് ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിഭാഗം അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് കടത്ത് തടയുന്നതിനായി പൊലീസ് നടത്തിയ കർശനമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതികൾ പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്ന് ഗുളികകൾ ഒമാനിലെ വിപണിയിൽ എത്തിച്ച് വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി. അറസ്റ്റിലായ ഇവർക്കെതിരെയുള്ള തുടർ നിയമനടപടികൾ അധികൃതർ പൂർത്തിയാക്കി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.