ഒമാന്റെ നിരത്തുകളിൽ നടന്ന അപകടം (ഫയൽ)
മസ്കത്ത്: ഒമാനിലെ വിവിധ ഭാഗങ്ങളിലുണ്ടായ റോഡപകടങ്ങളിൽ കഴിഞ്ഞവർഷം മരിച്ചത് 586 പേർ. 1854 റോഡപകടങ്ങളിലായാണ് ഇത്രയും പേരുടെ ജീവൻ പൊലിഞ്ഞത്. ഇതിൽ 1936 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 235 പുരുഷ ഡ്രൈവർമാരും 125 പുരുഷ യാത്രക്കാരും 131 പുരുഷ കാൽനടയാത്രക്കാരും ഉൾപ്പെടുന്നു. 17 സ്ത്രീ ഡ്രൈവർമാർ, 50 യാത്രക്കാരായ സ്ത്രീകൾ, 28 കാൽനടയാത്രക്കാരയ സ്ത്രീകൾ എന്നിവരും ഈ അപകടങ്ങളിൽ മരിച്ചു.2024ലെ റോഡപകടങ്ങളിൽ 293 പ്രവാസികളാണ് മരിച്ചത്. ഇതിൽ 215 പുരുഷന്മാരും 78 സ്ത്രീകളും ഉൾപ്പെടും. മരിച്ച ഒമാനികളിൽ 276 പുരുഷന്മാരും 17 സ്ത്രീകളുമുണ്ട്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകത്തിൽതന്നെ മികച്ച റോഡ് ശൃംഖലയാണ് സുൽത്താനേറ്റിനുള്ളത്. ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കർശന പിഴയും റോയൽ ഒമാൻ പൊലീസ് ചുമത്തുന്നുണ്ട്. എന്നിട്ടുമാണ് ഇത്രയും അപകടങ്ങൾ നടക്കുന്നത്.
2024ലെ ഡബ്ല്യു.ഇ.എഫിന്റെ വേൾഡ് പോപുലേഷൻ റിവ്യൂ പ്രകാരം, റോഡ് ഗുണനിലവാര സൂചികയിൽ ഒമാനിലെ റോഡുകൾ ആഗോളതലത്തിൽ എട്ടാം സ്ഥാനത്തും അറബ് ലോകത്ത് രണ്ടാം സ്ഥാനത്തുമാണ്. ചില രാജ്യങ്ങൾ ഒമാൻ സന്ദർശിക്കുന്ന അവരുടെ പൗരന്മാർക്ക് നൽകുന്ന യാത്രാ ഉപദേശങ്ങളിലും ഈ റാങ്കിങ് എടുത്തുകാണിക്കാറുണ്ട്. ഒമാനിലെ റോഡുകൾ നല്ലതാണ്, പക്ഷേ മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കമെന്നാണ് സുൽത്താനേറ്റ് സന്ദർശിക്കുന്ന വിദേശ പൗരന്മാരോട് അതത് രാജ്യങ്ങൾ നൽകുന്ന മുന്നറിയിപ്പ്.വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയിടി(806), സ്ഥിരമായ വസ്തുക്കളിൽ ഇടിക്കൽ (338) തുടങ്ങിയവയാണ് ഭൂരിഭാഗം അപകടങ്ങളുടെയും കാരണങ്ങൾ. 2024ൽ 1854 അപകടങ്ങളിൽ 586 മരണങ്ങളും 1936 പരിക്കുകളും റിപ്പോർട്ട് ചെയ്തു.2023ൽ 2040 അപകടങ്ങളിൽനിന്ന് 595 അപകടങ്ങളും 2129 പരിക്കുകളും, 2022ൽ 2040 അപകടങ്ങളിൽനിന്ന് 532 മരണങ്ങളും 2080 പരിക്കുകളും രേപ്പെടുത്തി.
അപകടങ്ങൾ മൂലമുള്ള മരണങ്ങൾക്ക് പ്രധാന കാരണങ്ങൾ അമിത വേഗം, അശ്രദ്ധ, മോശം പെരുമാറ്റം, ക്ഷീണം, ഓവർടേക്കിങ്, ലഹരി, സുരക്ഷിതമായ അകലം പാലിക്കാതിരിക്കൽ, വാഹനങ്ങളിലെ തകരാറുകൾ എന്നിവയാണ്. റോഡുകളിലെ മോശം പെരുമാറ്റം മൂലം കഴിഞ്ഞവർഷം 99 മരണങ്ങളാണ് ഉണ്ടായത്. 2023ൽ 80ഉം 2022ൽ 63ഉം മരണങ്ങളും ഇതുമൂലമുണ്ടായി. ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്മാർട്ട് സിസ്റ്റങ്ങളുടെ ഉപയോഗം ആർ.ഒ.പി വിപുലീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വാഹനമോടിക്കുമ്പോൾ മൊബൈൽഫോൺ ഉപയോഗം, കൃത്രിമബുദ്ധിയെ ആശ്രയിക്കുന്ന നൂതന കാമറ സംവിധാനങ്ങൾ സജീവമാക്കി ചിത്രങ്ങൾ വിശകലനം ചെയ്യുന്നതിനും മനുഷ്യന്റെ ഇടപെടലില്ലാതെ ലംഘനത്തിന്റെ തരം കൃത്യമായി നിർണയിക്കുന്നതിനും ഇത് സഹായിക്കുന്നു. ഗതാഗതം നിരീക്ഷിക്കുന്നതിനും സുരക്ഷ ആവശ്യങ്ങൾക്കായി തിരക്കേറിയ പ്രദേശങ്ങളും വാഹനങ്ങളും തിരിച്ചറിയുന്നതിനും ഈ സംവിധാനങ്ങൾ പ്രാപ്തമാക്കുന്നു. ഒമാന്റ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയിൽ റോഡ് ശൃംഖലയുടെ വികസനത്തിന് വളരെയധികം പ്രാധാന്യമാണ് സർക്കാർ നൽകുന്നത്.
പൊതു ബജറ്റിൽ ‘വികസന ചെലവ്’ എന്ന വിഭാഗത്തിൽ വികസനപദ്ധതികൾക്കും സിവിൽ മന്ത്രാലയങ്ങളുടെയും സർക്കാർ യൂനിറ്റുകളുടെയും ബജറ്റിനുള്ളിൽ അംഗീകരിച്ച പരിപാടികൾക്കുമായി 900 ദശലക്ഷം റിയാലാണ് അനുവദിച്ചത്. ഈ തുകയുടെ 36 ശതമാനം അടിസ്ഥാന സൗകര്യ മേഖലക്കായി നീക്കിവെച്ചിട്ടുണ്ട്. ഈ വർഷം നടപ്പാക്കുകയും പൂർത്തിയാക്കുകയും ചെയ്യേണ്ട പ്രധാന റോഡ് പദ്ധതികളായ ഖസബ്-ദിബ്ബ-ലിമ റോഡ്, ശർഖിയ എക്സ്പ്രസ് വേ, ആദം-തുംറൈത്ത് റോഡ്, അൻസബ്-ജിഫ്നൈൻ ഇരട്ടവത്കരണ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു.മസ്കത്ത് എക്സ്പ്രസ്വേയുടെ വികസനവും ഈ വർഷം ആരംഭിക്കും. ഇരുദിശകളിലേക്കും മൂന്ന് അധിക പാതകൾ കൂടി നിർമിക്കും. ഇത് മൊത്തം പാതകളുടെ എണ്ണം 12 ആകും. ഇരുദിശയിലും ആറുവരികൾ വീതമുണ്ടാകും. ഇതോടെ സുൽത്താനേറ്റിലെ ഏറ്റവും വീതിയേറിയ റോഡായി മസ്കത്ത് എക്സ്പ്രസ് വേ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.