മസ്കത്ത്: കോവിഡ് പ്രതിസന്ധികളെല്ലാം നീങ്ങിയ ആദ്യ റമദാനായിട്ടും മസ്ജിദുകളിലെ നോമ്പുതുറകൾ പൂർണമായി പുനരാരംഭിക്കാത്തത് പ്രവാസികൾക്ക് പ്രയാസമുണ്ടാക്കുന്നു. നോമ്പുകാലം ഒറ്റക്ക് താമസിക്കുന്നവരിൽ പലർക്കും കുറഞ്ഞ വരുമാനക്കാർക്കും സാമ്പത്തിക ചെലവ് കുറഞ്ഞ മാസമാണ്.
വിവിധ മസ്ജിദുകളിലും ടെൻറുകളിലും ഇഫ്താറുകൾ നടക്കുന്നതിനാൽ റമദാൻ കാലത്ത് ഭക്ഷണത്തിന് വളരെ കുറഞ്ഞ തുക മാത്രമാണ് ചെലവഴിക്കേണ്ടിയിരുന്നത്. മസ്ജിദുകളിൽനിന്ന് നല്ല വിഭവങ്ങൾകൊണ്ട് വിശാലമായി നോമ്പ് തുറക്കുന്നതിനാൽ പലരും ലളിതമായാണ് അത്താഴം കഴിച്ചിരുന്നത്. ഇത്തരക്കാർക്ക് ഭക്ഷണ ഇനത്തിൽ റമദാനിൽ ചെലവുകൾ ചുരുക്കാൻ കഴിഞ്ഞിരുന്നു. ഇങ്ങനെ ലാഭിക്കുന്ന പണം നാട്ടിലെ കുടുംബത്തിന് അയച്ചുകൊടുക്കുന്നവരാണ് പലരും. മസ്ജിദുകളിലെ ഇഫ്താറുകൾ കടകളിലും മറ്റും ജോലി ചെയ്യുന്നവർക്കും വലിയ അനുഗ്രഹമായിരുന്നു. വ്യാപാരസ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവർക്ക് ഇഫ്താറൊരുക്കാനും മറ്റും സമയംകിട്ടാറില്ല.
കോവിഡ് പ്രതിസന്ധി നീങ്ങിയതിനാൽ പള്ളികളിൽ ഇഫ്താറുകൾ നടക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഒറ്റക്ക് താമസിക്കുന്നവർക്ക് ഇത്തരം ഇഫ്താറുകളിൽ പങ്കെടുക്കുന്നതിന് പ്രത്യേക ഗ്രൂപ്പുകൾ തന്നെ ഉണ്ടായിരുന്നു. മെച്ചപ്പെട്ട നോമ്പുതുറകൾ മറ്റുള്ളവരെ അറിയിക്കാൻ വാട്സ്ആപ് ഗ്രൂപ്പുകളും ഉണ്ടാക്കിയിരുന്നു. സ്ഥിരമായി ഒരു മസ്ജിദിൽതന്നെ പോവുന്നവരും മസ്ജിദുകൾ മാറി പോകുന്നവരും നിരവധിയായിരുന്നു. 20 വർഷത്തിലധികമായി ഇഫ്താറുകൾ നടക്കാറുള്ള മസ്ജിദുകളിൽ പലതിലും ഈ വർഷം ഇഫ്താറില്ല. ഇതിന്റെ പരിസരങ്ങളിൽ താമസിക്കുന്ന നിരവധി മലയാളികൾ മസ്ജിദുകളിലെ ഇഫ്താറിനെ വർഷങ്ങളായി ആശ്രയിക്കുന്നവരാണ്.
ആദ്യ കാലങ്ങളിൽ മലയാളികൾ മാത്രമാണ് മസ്ജിദ് ഇഫ്താറുകളിൽ പങ്കെടുത്തിരുന്നത്. എന്നാൽ, കഴിഞ്ഞ കുറെ വർഷങ്ങളായി കുറഞ്ഞ വരുമാനക്കാരായ എല്ലാ രാജ്യക്കാരും ഇഫ്താറുകളെ ആശ്രയിച്ചുവരുകയായിരുന്നു. നിലവിൽ ചില മസ്ജിദുകളിൽ ഇഫ്താറിന് സൗകര്യമുണ്ടെങ്കിലും ഇവിടങ്ങളിൽ തിരക്ക് വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.