ഖദറ: ഖത്തർ മാർക്കറ്റിൽ ഒമാനിൽനിന്നുള്ള നാടൻ പ്രാവുകൾക്ക് പ്രിയമേറുന്നു. തണുപ്പ് സീസണായതോടെ ഖത്തറിലെ പ്രാവ് വിൽപനക്കാർ ഒന്നടങ്കം ഒമാനിൽനിന്ന് പ്രാവുകളെ കൊണ്ടുവരാൻ ഏജൻറുമാരെ തേടിയിറങ്ങുകയായിരുന്നു. ഇതോടെ ഒമാനി നാടൻ ഇനങ്ങൾക്ക് വൻ ഡിമാൻഡായി. ഖത്തറിലെ ഫാൽക്കൺ പ്രേമികളാണ് പ്രധാന ആവശ്യക്കാർ. ഫാൽക്കണുകളെ പരിശീലിപ്പിക്കാനും മത്സരിപ്പിക്കാനുമാണ് ഇവർ പ്രാവുകളെ ഉപയോഗിക്കുക.
അതിന് എത്ര വില കൊടുക്കാനും തയാറാണിവർ. ഓരോ സീസണും മുന്നിൽ കണ്ട് പ്രാവുകൾക്ക് അഡ്വാൻസ് നൽകി ബുക്ക് ചെയ്യുന്ന ഏജൻറുമാരും ഒമാനിൽ സജീവമാണ്. ഇത്തവണ യു.എ.ഇയിൽനിന്നും സൗദിയിൽനിന്നും നേരിട്ട് ഇറക്കുമതി നടക്കാത്തതിനാൽ ഒമാൻ പ്രാവുകൾക്ക് വൻ സ്വീകാര്യതയാണ് തുടക്കത്തിൽതന്നെ ഖത്തറിൽ ലഭിച്ചതെന്ന് ഈ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന മലയാളിയായ ജീലാനി പാഷ പറഞ്ഞു.
കരുത്തും ഇരുണ്ട നിറവുമുള്ള പ്രാവുകൾക്കാണ് കൂടുതൽ ആവശ്യക്കാരെന്ന് ഫഹദ് സുലൈമാൻ അൽ ഗാഫ്രി അഭിപ്രായപ്പെട്ടു. ഫാൽക്കണുകളെ കൂടുതൽ ആകർഷിക്കാനാണത്രേ ഇത്. ഈ സീസണിൽ മാത്രം ഒരു ലക്ഷത്തോളം പ്രാവുകൾ ഒമാനിൽനിന്ന് ഖത്തറിലെത്തിയതായി ഖത്തർ എയർവേസ് വൃത്തങ്ങൾ പറഞ്ഞു. പ്രാവുകൾക്കു പുറമെ, വിലകൂടിയ പറക്കും താറാവുകൾക്കും അരയന്നങ്ങൾക്കും ഖത്തറിൽ ആവശ്യക്കാരുണ്ട്. ഇവയെ ബെൽജിയത്തിൽനിന്നും ഹോളണ്ടിൽനിന്നും ഇറക്കുമതിചെയ്ത് നൽകുന്നവരും ഒമാനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.