മസ്കത്ത്: ഒമാനിലെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് പുതുവർഷത്തിൽ സാമൂഹിക പ്രതിബദ്ധത സേവനരംഗത്തു വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ചെയ്യാൻ തീരുമാനിച്ചതായി മാനേജ്മന്റ് ഭാരവാഹികൾ പറഞ്ഞു. ഇതിന്റെ ആദ്യഭാഗമായി പുതുവത്സരത്തോടനുബന്ധിച്ച് അസൈബയിൽ സ്ഥിതിചെയ്യുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള പഠനകേന്ദ്രത്തിലേക്ക് പഠനോപകരണങ്ങളും മാനസിക -ശാരീരിക ഉല്ലാസത്തിനായുള്ള കളിപ്പാട്ടങ്ങളും കൈമാറി.
പതിവു രീതിയിലുള്ള പുതുവത്സര ആഘോഷങ്ങൾ ഒഴിവാക്കി മാനുഷിക മൂല്യങ്ങൾക്ക് ഊന്നൽ നൽകിയുള്ള കോർപറേറ്റ് സംസ്കാരം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള കമ്പനിയുടെ പുതിയ സംരംഭത്തിന് തുടക്കം കുറിച്ച ചടങ്ങിൽ ജനറൽ മാനേജർ സുപിൻ ജെയിംസ്, ഓപറേഷൻ വിഭാഗം മേധാവി ബിനോയ് സൈമൺ വർഗീസ്, ഹ്യൂമൺ റിസോഴ്സ് വിഭാഗം മേധാവി നസ്ര അൽ ഹബ്സി, റീട്ടെയിൽ സെയിൽസ് വിഭാഗം മേധാവി വിവേക് , അഡ്മിൻ ആൻഡ് ഓപറേഷൻ അസിസ്റ്റന്റ് വി.ആർ. സഞ്ജീവ്, അക്കൗണ്ട്സ് വിഭാഗത്തിലെ റിയ എന്നിവർ സംബന്ധിച്ചു.
കച്ചവട ലക്ഷ്യങ്ങൾ മാത്രമല്ല, ഞങ്ങൾ സേവിക്കുന്ന സമൂഹത്തിന്റെ ഉന്നമനത്തിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ലാഭത്തിനും പ്രവർത്തനത്തിനും അപ്പുറം വെല്ലുവിളികൾ നേരിടുന്നവരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളും കൊണ്ടുവരാൻ കൂടിയാണെന്നും ജനറൽ മാനേജർ സുപിൻ ജെയിംസ് പറഞ്ഞു. ഓരോ വ്യക്തിയുടെയും ബലഹീനതകൾ പരിഗണിക്കാതെ അവരെ അംഗീകരിക്കുന്ന തൊഴിലിടം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ പ്രവർത്തനങ്ങളെന്നും വൈവിധ്യത്തെ ആഘോഷിക്കുന്ന ഒരു ജോലി സ്ഥല സംസ്കാരം വളർത്തിയെടുക്കാനുള്ള ഞങ്ങളുടെ ദൗത്യവുമായി മുന്നോട്ടു പോകുമെന്നും ഹെഡ് ഓഫ് ഓപറേഷൻ ബിനോയ് സൈമൺ വർഗീസ് പറഞ്ഞു.
ഞങ്ങളുടെ തൊഴിലാളികളിൽ രണ്ടു ശതമാനം ജീവനക്കാർ ഭിന്നശേഷിക്കാരാണെന്നും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കൂടുതൽ അനുകമ്പയും പരിഗണനയുമുള്ള ഒരു ജോലിസ്ഥലം വളർത്തിയെടുക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നതെന്നും മറ്റുള്ള സ്ഥാപനങ്ങളും ഇതു മാതൃകയാക്കണമെന്നും ഹ്യൂമൻ റിസോഴ്സ് മാനേജർ നസ്റ അൽ ഹബ്സി പറഞ്ഞു. പുതുവർഷത്തിൽ തങ്ങളുടെ കുട്ടികൾക്ക് ആഹ്ലാദവും സാന്ത്വനവും പകരുവാനെത്തിയ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ഭാരവാഹികൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണെന്ന് സെന്റർ ഡയറക്ടർ സാൽഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.