മരണപ്പെട്ട വിക്ടർ
മസ്കത്ത്: ഒമാനിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം നാട്ടിൽ സംസ്കരിക്കുന്ന ചടങ്ങിൽ മസ്കത്ത് കെ.എം.സി.സിയുടെ സേവനത്തെ അഭിനന്ദിച്ച് പുരോഹിതൻ. കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട കൊല്ലം താമരകുളത്തെ ജോസഫ് വിക്ടറിന്റെ സംസ്കാര ചടങ്ങിലാണ് മസ്കത്ത് കെ.എം.സി.സിയുടെ സേവനത്തെ പ്രകീർത്തിച്ചത്.
കൊല്ലം പോർട്ട് ചർച്ച് എന്നറിയപ്പെടുന്ന ഔർ ലേഡി ഓഫ് പ്യൂരിഫിക്കേഷൻ ചർച്ചിൽ നടന്ന സംസ്കാര ചടങ്ങിൽ പുരോഹിതൻ ഫാദർ ഡോക്ടർ ബെന്നി വർഗീസ് ആണ് മൃതദേഹം വേഗം നാട്ടിലെത്തിക്കാൻ സഹായിച്ച കെ.എം.സി.സിയേയും അതിനു നേതൃത്വം നൽകിയ മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെയും സേവനം എടുത്ത് പറഞ്ഞത്.
24 മണിക്കൂറിനകം മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാൻ സഹായിച്ച ഈ മുസ്ലിം സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം സംസ്കാര ചടങ്ങിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം 26ന് രാത്രിയിൽ ഇബ്രിയിൽനിന്ന് സൗദിയിലേക്ക് പോകുന്ന പാതയിൽ സഫയിൽ എത്തുന്നതിന് മുമ്പായിരുന്നു അപകടം. അപകടത്തിൽ കൂടെയുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ ജോസഫ് വിക്ടറിനെ ആദ്യം ഇബ്രി ആശുപത്രിയിലും പിന്നീട് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മെറി ആഗ്നസ് ജോസഫ് ആണ് ഭാര്യ, രണ്ട് മക്കളുണ്ട്, ഇബ്രി അപ്ലൈഡ് സയൻസിൽ മെയിന്റനൻസ് സൂപ്പർവൈസറായിരുന്നു.
14ാം തീയതി പുലർച്ചെ അഞ്ചരയോടെ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ട വിക്ടറിന്റെ ഭൗതിക ശരീരം മണിക്കൂറുകൾക്കുള്ളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്ന് രാത്രി തന്നെ ഒമാനിൽ നിന്നും നാട്ടിലേക്ക് അയച്ചു. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം വൈകിട്ടോടെ തന്നെ സംസ്കരിച്ചു.
ഇദ്ദേഹം ജോലി ചെയ്തിരുന്നകമ്പനി, ആശുപത്രി മാനേജ്മെന്റ്, മസ്കത്തിലെ ഇന്ത്യൻ എംബസി എന്നിവ കൃത്യമായ സമയത്ത് പിന്തുണ നൽകിയതാണ് മൃതദേഹം വേഗം നാട്ടിലെത്തിക്കാൻ സഹായകമായതെന്നു ഇബ്രാഹിം ഒറ്റപ്പാലം പറഞ്ഞു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറിയായ ഇബ്രാഹിം ഒറ്റപ്പാലം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ്.
കഴിഞ്ഞ നാലര വര്‍ഷങ്ങള്‍ കൊണ്ട് അവശ്യ രേഖകളോ മറ്റോ ഇല്ലാതെ ഒമാനില്‍ മരണപ്പെട്ടവരടക്കം അഞ്ഞൂറോളം മൃതശരീരങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സ്വദേശത്തേക്ക് കയറ്റി അയച്ചത്. ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലബാര്‍ വിഭാഗത്തിന്റെ മുൻ കണ്‍വീനറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.