മസ്കത്ത്: ദേശീയ പുരസ്കാര ജേതാവും മലയാള സിനിമയിലെ അതുല്യ പ്രതിഭയുമായ സലീം കുമാറിൻ്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ ഒമാൻ കേന്ദ്ര കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
മിമിക്രി വേദികളിൽ നിന്ന് മലയാള സിനിമയുടെ ഉന്നതങ്ങളിലേക്കുള്ള സലീം കുമാറിന്റെ വളർച്ച കലാകാരന്മാർക്ക് പ്രചോദനമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചിരിയുടെ വസന്തം തീർത്ത അദ്ദേഹം, ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും തന്റെ അഭിനയ മികവ് തെളിയിച്ച കലാകാരനായിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം നേടിയ അദ്ദേഹം മലയാള സിനിമയുടെ ചരിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
സലീം കുമാറിന്റെ വേർപാട് മലയാള സിനിമക്കും കലാ-സാംസ്കാരിക ലോകത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എന്നും മലയാളികളുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്നും പ്രസിഡന്റ് സി. നൗഷാദ്, ജനറൽ സെക്രട്ടറി അർഷദ് പെരിങ്ങാല തുടങ്ങിയവർ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.