മസ്‌കത്ത് മുതൽ മെക്‌സിക്കോ വരെ ആവേശം അലയടിക്കുമ്പോൾ

മസ്‌കത്ത്: ഫിഫ ലോകകപ്പിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഒമാനിലും കാൽപന്തുകളിയുടെ ആരവം. അറബിക്കടലിന്റെ തീരങ്ങളിൽ നിന്ന് പസഫിക് സമുദ്രത്തിനക്കരെ ലോകകപ്പ് വേദികളിലേക്ക് ഒമാനിലെ ഓരോ ഫുട്ബാൾ ആരാധകനും മനസ്സുകൊണ്ട് യാത്ര തുടങ്ങിക്കഴിഞ്ഞു. ഇത്തവണ ലോകകപ്പിൽ പന്തുതട്ടാമെന്ന ഒമാന്റെ മോഹങ്ങൾ പ്ലേ ഓഫിൽ തകർന്നെങ്കിലും ഒമാനിലെ സ്വദേശികളുടെയും പ്രവാസികളുടെയും ആവേശത്തിന് ഒട്ടും കുറവില്ല. ഇത്തവണ എട്ടു അറബ് രാജ്യങ്ങൾ ലോകകപ്പി​നുണ്ട്. ഏഷ്യൻ മേഖലയിൽനിന്ന്, ഖത്തർ, സൗദി അറേബ്യ, ഇറാഖ്, ജോർഡൻ എന്നിവയും ആഫ്രിക്കയിൽനിന്ന് ഈജിപ്ത്, മൊറോക്കോ, അൾജീരിയ, ടുണീഷ്യ എന്നിവയുമാണ് അറബ് പ്രാതിനിധ്യം.

റെഡ് വാരി​യേഴ്സ്; വീണുടഞ്ഞ സ്വപ്നം

ഇത്തവണ ലോകകപ്പിന് ടീമുകളുടെ എണ്ണം 48 ആയി ഉയർത്തിയപ്പോൾ ഒമാന്റെ ‘റെഡ് വാരിയേഴ്‌സും’ ഇത്തവണ പ്രതീക്ഷയിലായിരുന്നു. ചരിത്രത്തിലാദ്യമായി ആ ലോകവേദിയിൽ ബൂട്ട് കെട്ടാമെന്ന ഒമാനി ജനതയുടെ സ്വപ്ന സാക്ഷാൽകാരത്തിലേക്ക് ഏതാനും ചുവടുകളേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്നാൽ, കപ്പിനും ചുണ്ടിനുമിടയിൽ ആ സുവർണാവസരം ഒമാന് നഷ്ടമാവുകയായിരുന്നു. ഒമാന്റെ ലോകകപ്പ് സ്വപ്നങ്ങൾ യോഗ്യതാ റൗണ്ടിന്റെ അവസാന ഘട്ടത്തിലാണ് പൊലിഞ്ഞത്. യോഗ്യത റൗണ്ടുകളിൽ ആദ്യ ഘട്ടങ്ങളിൽ മികച്ച പ്രകടനം നടത്തിയ ഒമാൻ ടീം, കുവൈത്തിനെ 4-0 ന് തകർത്ത് വലിയ സ്വപ്നങ്ങൾ നെയ്തു കൂട്ടിയിരുന്നു. എങ്കിലും ദക്ഷിണ കൊറിയയോടും ജോർഡാനോടും ഏറ്റ പരാജയങ്ങൾ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചു. ഏഷ്യൻ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് നേരിട്ട് യോഗ്യത നേടാനായില്ലെങ്കിലും, നാലാം റൗണ്ടിലെ പ്ലേ-ഓഫ് വഴി ഒമാന് പ്രതീക്ഷകളുണ്ടായിരുന്നു. ഖത്തറും യു.എ.ഇയും ഉൾപ്പെട്ട കടുപ്പമേറിയ ഗ്രൂപ്പിൽ ഉൾപ്പെട്ട ഒമാൻ, ഖത്തറിനെതിരെ മികച്ച കളി പുറത്തെടുത്ത് ഗോൾരഹിത സമനില (0-0) പിടിച്ചെങ്കിലും യു.എ.ഇക്കെതിരെ അബുദാബിയിൽ നടന്ന കടുത്ത പോരാട്ടത്തിൽ ഒന്നിനെതി​രെ രണ്ടു ഗോളിന് യു.എ.ഇയോട് തോൽക്കുകയായിരുന്നു. ഈ തോൽവിയോടെയാണ് ഒമാന്റെ ലോകകപ്പ് യോഗ്യതാ സ്വപ്നങ്ങൾ അവസാനിച്ചത്.

ലോകകപ്പ് യോഗ്യതയിൽനിന്ന് ഒമാന്റെ പുറത്താകലിന് പിന്നാലെ, ടീമിന്റെ മുൻ പരിശീലകൻ കാർലോസ് ക്വിറോസ് ഒമാൻ ഫുട്ബാളിനെ കുറിച്ച് നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു. ഒമാന് ഫുട്ബാളിനോട് അതിരറ്റ ആവേശമുണ്ടെന്നും എന്നാൽ വലിയ വേദിയിലെത്താൻ ആവേശം മാത്രം പോരെന്നും അടിസ്ഥാന സൗകര്യങ്ങളും ദീർഘകാല നിക്ഷേപവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ ഫുട്ബാൾ ലീഗുകളെ പ്രഫഷനൽ ആക്കി മാറ്റുന്ന സാഹചര്യത്തിൽ ഒമാൻ ആഭ്യന്തര ലീഗുകളുടെ ഘടന മാറ്റേണ്ടതുണ്ടെന്ന ചർച്ചകൾക്കും ഇത് വഴിതുറന്നു.

ഒരു ലോകകപ്പ് നഷ്ടമായെങ്കിലും ഒമാൻ സൂപ്പർ താരം ഇസ്സാം അൽ സബ്ഹിയുടെ നേതൃത്വത്തിലുള്ള യുവനിര തങ്ങളുടെ വീഴ്ചകളിൽ നിന്ന് പാഠം പഠിച്ച് മുന്നേറാനുള്ള തയാറെടുപ്പിലാണ്. അടുത്ത വർഷം സൗദിയിൽ നടക്കാനിരിക്കുന്ന 2027 എ.എഫ്.സി ഏഷ്യൻ കപ്പിന് ഒമാൻ ഇതിനകം യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. സൗദി അറേബ്യയും കുവൈത്തും അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇത്തവണ ഒമാൻ മത്സരിക്കുന്നത്.

ലോകകപ്പ് ലഹരിയിൽ ഒമാൻ

മസ്‌കത്തിലെയും സലാലയിലെയും പരമ്പരാഗത കഫേകളിൽ ഒത്തു കൂടുന്ന സ്വദേശികളുടെയും പ്രവാസി കൂട്ടങ്ങളുടെയും ചർച്ചയിൽ ഇപ്പോൾ ഫുട്ബാളാണ്. സലാല, സുഹാർ, റൂവി, ഗൂബ്ര, വാദി കബീർ തുടങ്ങിയയിടങ്ങളിലെ വലിയ സ്‌ക്രീനുകളുള്ള ഹോട്ടലുകളും റസ്റ്റോറന്റുകളും ഇതിനകം തന്നെ വേൾഡ് കപ്പ് ഫാൻ സോണുകളായി മാറാൻ ഒരുങ്ങിക്കഴിഞ്ഞു. ജോലി കഴിഞ്ഞെത്തുന്ന രാത്രികളിൽ സുഹൃത്തുക്കൾക്കൊപ്പം കളി കാണാനുള്ള ആസൂത്രണങ്ങളിലാണ് പ്രവാസികൾ. കേരളത്തിലെ ഗ്രാമങ്ങളിലേതുപോലെ തന്നെ ഒമാനിലെ പ്രവാസി ക്ലബ്ബുകളും കൂട്ടായ്മകളും തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ ​പോരിന് സാക്ഷികളാവാനൊരുങ്ങുകയാണ്.

പല പ്രധാന മത്സരങ്ങളും ഒമാനിലെ പുലർച്ചെ സമയങ്ങളിലാണ് നടക്കുക. എന്നാൽ, ഇതൊന്നും യഥാർഥ ഫുട്‌ബാൾ പ്രേമികൾക്ക് ഒരു തടസ്സമല്ല. കഴിഞ്ഞ ഖത്തർ ലോകകപ്പ് ഒമാനിലുള്ളവർക്ക് ഉറക്കമിളക്കാതെ തന്നെ കാണാൻ കഴിഞ്ഞിരുന്നു. ജൂൺ 11-ന് മെക്‌സിക്കോയിൽ കിക്കോഫിന്റെ ആദ്യ വിസിൽ മുഴങ്ങുമ്പോൾ ഒമാന്റെ ഹൃദയമിടിപ്പും ആ പന്തിന് ഒപ്പം പായും. മരുഭൂമിയുടെ ശാന്തതയിലേക്ക് ഫുട്‌ബാളിന്റെ ആവേശനിലാവ് പെയ്യുന്ന നാളുകളാണ് ഇനി വരാനിരിക്കുന്നത്. മിഡിൽ ഈസ്റ്റിലും ഒമാനിലും ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേഷണാവകാശം ബീഇൻ സ്​പോർട്സ് നെറ്റ്‌വർക്കിനാണ്. അവരുടെ ടിഒഡി എന്ന സ്ട്രീമിങ് ആപ്പിലും കളി തത്സമയം കാണാം.

Tags:    
News Summary - From Muscat to Mexico, when excitement is in full swing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.