മസ്കത്ത്: അർബുദ ബാധിതരായ കുട്ടികൾക്ക് ചികിത്സാ സഹായ പദ്ധതിയൊരുക്കി മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക. തണൽ ജീവകാരുണ്യ പദ്ധതിയിൽ ഈ വർഷം നടപ്പാക്കുന്ന ‘ആർദ്രം’ എന്ന് നാമകരണം ചെയ്ത പദ്ധതിയിലൂടെ അർബുദരോഗബാധിതരായ കുട്ടികളുടെ ചികിത്സക്ക് സഹായം നൽകും. തണൽ ചാരിറ്റി കമ്മിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് അർഹരായവരെ തെരഞ്ഞെടുക്കുക. സഹായത്തിനായി അപേക്ഷിക്കുന്നവർ മെഡിക്കൽ റിപ്പോർട്ടുകളും ആവശ്യമായ രേഖകളും സഹിതം The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman’ എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ആര്‍ദ്രം പദ്ധതിയുടെ ഉദ്ഘാടനം റുവി സെന്റ്. തോമസ് പള്ളിയിൽ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. തോമസ് ജോസ് നിർവഹിച്ചു. ഒമാൻ ബുർജീൽ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ.അശോക് സെബാസ്റ്റ്യൻ കാന്‍സര്‍ ബോധവൽകരണ ക്ലാസ് നയിച്ചു. കുട്ടികളിലെ കാൻസർ പ്രധാനമായും ജനിതകമായ കാരണങ്ങളാലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നതായും മുതിർന്നവർ ചിട്ടയായ ജീവിതചര്യകളും ഭക്ഷണശീലവും വ്യായാമവും അനുവർത്തിച്ചാൽ ഒരു പരിധിവരെ അർബുദ രോഗത്തെ പ്രതിരോധിക്കാനാകുമെന്നും നേരത്തെ കണ്ടെത്തിയാൽ ചികിത്സയിലൂടെ പൂർണമായും രോഗമുക്തി നേടാനാകുമെന്നും ഡോ. അശോക് സെബാസ്റ്റ്യൻ പറഞ്ഞു. കാൻസർരോഗ മുക്തി നേടിയ ഇടവകാംഗം മിന്നാ സണ്ണി തന്റെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവച്ചു.
ട്രസ്റ്റി തോമസ് ജോൺ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. ഗീവർഗീസ് യോഹന്നാൻ, അഡ്വ. ഏബ്രഹാം മാത്യു, തണൽ പ്രോജക്ട് കൺവീനർ വർഗീസ് കുരുവിള എന്നിവർ സംസാരിച്ചു. അസോ. വികാരി ഫാ. ലിജു തോമസ്, ഫാ. ജോസ് തോമസ്, സെക്രട്ടറി മറിയാമ്മ ഫിലിപ്പ്, കോ-ട്രസ്റ്റി ബിനു അമ്മിണി എന്നിവർ സംബന്ധിച്ചു. പ്രമുഖ സംരംഭകൻ കൂടിയായ ഡോ. ഗീവർഗീസ് യോഹന്നാനിൽ നിന്ന് പദ്ധതിക്കായുള്ള ആദ്യ സഹായ ധനം സ്വീകരിച്ചു.
കഴിഞ്ഞ 20 വർഷമായി ഇടവക നടപ്പാക്കി വരുന്ന തണൽ ജീവകാരുണ്യ പദ്ധതിയിലൂടെ ഭവന നിർമ്മാണം, ഹൃദയ ശസ്ത്രക്രിയ, കാൻസർ ചികിത്സ, വൃക്കരോഗികൾക്കുള്ള ചികിത്സാ സഹായം, വിവാഹം, സ്വയം തൊഴിൽ തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ആയിരത്തിലധികം പേർക്ക് ഇതിനോടകം ധനസഹായം നൽകിയിട്ടുണ്ട്. കാൻസർ ചികിത്സാ സഹായ പദ്ധതിക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കയുള്ള ഇടവകയുടെ ‘സാന്ത്വനം’ പദ്ധതിയിലൂടെയും വിവിധങ്ങളായ ധനസഹായം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.