ഇന്ത്യൻ സ്കൂൾ കെ.ജി മുതൽ രണ്ടാം ക്ലാസ് വരെ; ഓൺലൈൻ ക്ലാസ് ആഗസ്റ്റ് 13 വരെ നീട്ടി

മസ്കത്ത്: ഒമാനിൽ കടുത്ത വേനൽച്ചൂടും ഉഷ്ണതരംഗവും തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ സ്കൂളുകളിലെ കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള ഓൺലൈൻ ക്ലാസുകൾ ഒരു ആഴ്ചത്തേക്കു കൂടി നീട്ടി. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസുകൾ തുടരണമെന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്കൂൾ അധികൃതരെ അറിയിച്ചു. കടുത്ത ചൂടിൽ കുട്ടികൾ സ്കൂളുകളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ തീരുമാനം.

നേരത്തെ ആഗസ്റ്റ് രണ്ടു മുതൽ ആറുവരെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് രണ്ടാമത്തെ ആഴ്ചയിലേക്കും നീട്ടിയത്. കെ.ജി വിദ്യാർത്ഥികൾക്ക് രാവിലെ 8.15 മുതൽ 11 വരെയാണ് ഓൺലൈൻ ക്ലാസ്. ഒന്ന്, രണ്ട് ക്ലാസുകൾ രാവിലെ എട്ടു മുതൽ ഉച്ചക്ക് 12.30 വരെയും ഉച്ചക്ക് ശേഷം 1.30 മുതൽ വൈകുന്നേരം 5.15 വരെയുമാണ് ക്ലാസ്. ഓൺലൈൻ ക്ലാസുകൾക്കുള്ള ടൈംടേബിളും ഗൂഗിൾ മീറ്റ് ലിങ്കുകളും അതത് ക്ലാസ് അധ്യാപകർ വഴി രക്ഷിതാക്കൾക്ക് കൈമാറും. കുട്ടികൾ സ്കൂൾ നൽകിയിട്ടുള്ള ഔദ്യോഗിക ഇമെയിൽ ഐഡി ഉപയോഗിച്ച് കൃത്യസമയത്ത് ക്ലാസുകളിൽ ലോഗിൻ ചെയ്യുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം.

ഒമാനിൽ വേനൽച്ചൂട് തുടരുന്നതിനിടെയും ഇന്ത്യൻ സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിച്ചത് വിദ്യാർഥികൾക്കുണ്ടാക്കിയേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടി ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് നൽകിയിരുന്നു. ഇതു സംബന്ധിച്ച് രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും സ്കൂൾ അധികൃതർക്കും ബോറഡിനുംഇന്ത്യൻ എംബസിക്കും പരാതി നൽകിയിരുന്നു. എന്നാൽ, ഏറ്റവും തഴ്ത്തട്ടിലെ ക്ലാസുകളെ മാത്രമാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് താൽക്കാലികമായെങ്കിലും ഓൺലൈൻ ക്ലാസിലേക്ക് മാറ്റിയത്. 

Tags:    
News Summary - Indian School, KG, Online Class,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.