സഈദ് മൊയ്തു
ദാർസൈത്ത്
കോളജിൽ പഠിക്കുന്ന സമയത്തായിരുന്നു 2005ലെ തദ്ദേശ തെരഞ്ഞെടുപ്പ്. ഓരോ ബൂത്തിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷക്കായുള്ള പൊലീസിനെയും സഹായിക്കാൻ പൊലീസ് സ്റ്റേഷൻ മുഖേന സ്പെഷൽ പൊലീസിനെ നിയമിച്ചിരുന്നു. സ്പെഷൽ പൊലീസാകാൻ താൽപര്യമുള്ളവരെ തേടി പൊലീസുകാർ കോളജിൽ വന്നു.
പയ്യോളി കോളജിലായിരുന്നു ഞാൻ പഠിച്ചിരുന്നത്. തെരഞ്ഞെടുപ്പിന്റെ ദിവസങ്ങൾക്ക് മുമ്പ് കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ പോയി ഞാനും പേര് കൊടുത്തു. രണ്ടു ദിവസത്തേക്ക് മാത്രമുള്ള ഡ്യൂട്ടിയായിരുന്നു സ്പെഷൽ പൊലീസിന്റേത്. കോളജ് വിദ്യാർഥികൾ എന്നല്ല, 18 വയസ്സ് പൂർത്തിയായ ആർക്കും സ്പെഷൽ പൊലീസ് ആയി രജിസ്റ്റർ ചെയ്യാൻ അനുവാദമുണ്ടായിരുന്നു. അതത് പൊലീസ് സ്റ്റേഷന് കീഴിൽ ആവശ്യമുള്ള അംഗങ്ങളാകുന്നതുവരെയേ ഈ രജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂ. 600 രൂപയായിരുന്നു രണ്ടു ദിവസത്തേക്കുള്ള വേതനം.
വോട്ടർ ആയതിന് ശേഷം ആദ്യ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെയായിരുന്നു അന്ന് സ്പെഷൽ പൊലീസ് ആകാൻ പോയത്. ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യം ഉണ്ടായിരുന്നുവെങ്കിലും സ്പെഷൽ പൊലീസിന് വോട്ട് ചെയ്യാൻ പറ്റുമായിരുന്നില്ല. പിന്നീട് ജീവിതത്തിൽ ആകെ രണ്ടു തവണ മാത്രമാണ് വോട്ടുചെയ്യാനായത്. പ്രവാസിയായി മാറിയതിനാൽ പിന്നീടുള്ള വർഷങ്ങളിലൊന്നും വോട്ടുചെയ്യാനായില്ല.
സ്പെഷൽ പൊലീസായി പരിഗണിച്ചതോടെ മനസ്സിൽ വലിയ ആവേശമായിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം ഉച്ചയോടെ കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ എത്തി. പൊലീസ് സംവിധാനവും പോളിങ് നടപടിക്രമങ്ങളും അടുത്തറിയാൻ കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും പോളിങ് ഉപകരണങ്ങളും ബസിലായിരുന്നു ഓരോ പോളിങ് ബൂത്തിലേക്കും എത്തിച്ചിരുന്നത്.
കുറ്റ്യാടിക്കടുത്തുള്ള മലയോര പ്രദേശമായ കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ പൂതംപാറ ചർച്ചിന് സമീപത്തുള്ള സ്കൂളിലായിരുന്നു എനിക്ക് ഡ്യൂട്ടി. വൈകുന്നേരത്തോടെ കുറ്റ്യാടിയിൽ നിന്നും പൊലീസ് ജീപ്പിലാണ് എന്നെ അവിടെ എത്തിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഡ്യൂട്ടിക്കുണ്ടായിരുന്നു. ക്ലാസ് മുറിയിലെ ബെഞ്ചുകൾ അടുപ്പിച്ചുവെച്ച് ബൂത്ത് സജ്ജീകരിക്കാനും മറ്റും പോളിങ് ഉദ്യോഗസ്ഥരെ സഹായിച്ചു. ആ പ്രദേശത്തെ സ്ഥാനാർഥികളും പാർട്ടി പ്രതിനിധികളും ഇടക്ക് വന്ന് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ചു പോയി. സ്കൂളിൽ തന്നെയായിരുന്നു അന്ന് രാത്രി താമസിച്ചത്.
പിറ്റേ ദിവസമാണ് തെരഞ്ഞെടുപ്പ് ദിനം. കൈയിൽ സ്പെഷൽ പൊലീസ് എന്നെഴുതിയ നീല റിബൺ കെട്ടി ജോലി തുടങ്ങി. കൂടെയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം, വോട്ട് ചെയ്യാൻ എത്തുന്നതുവരെ ക്യൂ നിൽക്കാനും ഓരോ ആളെ വീതം വോട്ട് ചെയ്യാൻ അകത്തേക്ക് കയറ്റിവിടലും ഒക്കെ ആയിരുന്നു ജോലി. സ്ഥാനാർഥികൾ ബൂത്തിന് പരിസരത്തുതന്നെ ഉണ്ടായിരുന്നു. വരുന്ന വോട്ടർമാരെ കണ്ട് കുശലാന്വേഷണം നടത്തി അവസാന വട്ടം കൂടി അവർ വോട്ട് ഉറപ്പിക്കുന്നുണ്ടായിരുന്നു.
സ്ഥാനാർഥികളുടെ വക ചായയും കടിയും ഉച്ച ഭക്ഷണവും ഒക്കെ ഞങ്ങൾക്ക് ലഭിച്ചു. പ്രായമായവരെയും അവശരെയും ക്യൂ നിൽക്കാതെ തന്നെ ബൂത്തിലേക്ക് പ്രവേശിപ്പിച്ചു. അവരെ കൊണ്ടുവരാൻ ഉള്ള വാഹനങ്ങൾക്കും ഇടക്ക് വന്നുപോകുന്ന പൊലീസ് ജീപ്പിനും മാത്രമായിരുന്നു സ്കൂൾ മുറ്റത്തേക്ക് പ്രവേശനം. വൈകുന്നേരത്തോടെ പോളിങ് സമാധാന പൂർവം അവസാനിച്ചു. അതിനുശേഷം പോളിങ് ഉപകരണങ്ങളും മറ്റും കൊണ്ടുപോകാൻ വന്ന ബസിൽ ഉദ്യോഗസ്ഥരുടെ കൂടെ കുറ്റ്യാടിയിലേക്ക് തിരിച്ചുപോന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.