കവിഞ്ഞൊഴുകുന്ന വാദി, സി.ഡി.എ.യുടെ നേതൃത്വത്തിൽ ന്യൂനമർദത്തിന്റെ ആഘാതം നേരിടുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നു
മസ്കത്ത്: ന്യൂനമർദത്തെ തുടർന്ന് ബാത്തിന മേഖലയുൾപ്പെടെ രാജ്യത്തിന്റെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. വാദികൾ നിറഞ്ഞൊഴുകി. റോഡുകളിൽ വെള്ളം കയറി. ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ. വാദികൾ കവിഞ്ഞൊഴുകിയതിനാൽ മുറിച്ച് കടക്കരുതെന്ന് ആർ.ഒ.പി നിർദേശിച്ചു. എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
റോഡിൽ വെള്ളം കയറിയതിനാൽ ചിലയിടങ്ങളിൽ ചെറിയ തോതിൽ ഗതാഗത തടസ്സം നേരിട്ടു. ഇത്തരം പ്രദേശങ്ങളിൽ വേഗം കുറച്ചായിരുന്നു ഡ്രൈവിങ്. ഉൾഗ്രാമങ്ങളിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. സുഹാര്‍, സഹം, ബര്‍ക, സുവൈഖ്, ശിനാസ്, ഫഞ്ച, മബേല, ജബല്‍ അഖ്ദര്‍, സമാഈല്‍, റുസ്താഖ്, യങ്കല്‍, ഖുറിയാത്ത്, ലിവ, ഇബ്രി, ഖാബൂറ, നഖല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. ഇവിടങ്ങളിൽ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടുകൂടിയാണ് മഴ ശക്തിയാർജിച്ചത്. ചില ഇടങ്ങളിൽ കനത്ത ഇടിയും അനുഭവപ്പെട്ടു.
എന്നാൽ, മസ്കത്ത് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നേരിയ മഴയാണ് ലഭിച്ചത്. രാവിലെ മുതൽ ഇവിടങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. റോയൽ ഒമാൻ പൊലീസിന്റെയും സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതി നിരീക്ഷിക്കുന്നുണ്ട്. ഏത് അടിയന്തര സാഹചര്യം നേരിടാനും തയാറാണെന്ന് അധികൃതർ അറിയിച്ചു.
സീബിലെയും ബർകയിലെയും തീര പ്രദേശങ്ങളിൽ താമസിപ്പിക്കുന്നവരെ ഒഴിപ്പിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് (എൻ.സി.ഇ.എം) അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിനെതിരെയാണ് എൻ.സി.ഇ.എം വിശദീകരണം. കാലാവസ്ഥയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്കും മറ്റും ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
വിവിധ ഗവർണറേറ്റുകളിൽ നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് സബ് കമ്മിറ്റി പ്രവർത്തനം സജീവമാക്കി. മസ്കത്ത്, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, ദാഹിറ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ബുറൈമി, മുസന്ദം ഗവര്‍ണറേറ്റുകളിലാണ് ഉപ കമ്മിറ്റി പ്രവർത്തനം. കാലാവസ്ഥ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും മുന്നൊരുക്കം നടത്തിയതായും നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു.
മെഡിക്കൽ റെസ്പോൺസും പൊതുജനാരോഗ്യ മേഖലയും പദ്ധതി തായാറാക്കി. ദുരിതബാധിത ഗവർണറേറ്റുകളിൽ സേവനം ഉറപ്പാക്കും. മഴ ബാധിക്കുന്ന ഗവർണറേറ്റുകളിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഉചിത നടപടി സ്വീകരിക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടാനും നിർദേശം നൽകി.
ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, വടക്ക്-തെക്ക് ശർഖിയ, മസ്കത്ത്, മുസന്ദം എന്നീ ഗവർണറേറ്റുകളിലും അൽഹജർ പർവതനിരകളിലും ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.
വിവിധ പ്രദേശങ്ങളിൽ 20 മുതൽ 100 മില്ലി മീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 40 മുതൽ 80 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗം. പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയെ ബാധിച്ചേക്കും. ഭൂരിഭാഗം തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാല് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. കടലിൽ പോകരുതെന്നും ആവശ്യമായ മുൻ കരുതൽ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
മസ്കത്ത്: കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കൂടുതൽ മഴ ലഭിച്ചത് ജബൽ അഖ്ദറിലെന്ന് കണക്ക്. ജൂലൈ 25 മുതൽ 26ന് രാവിലെ ഒമ്പത് വരെയുള്ള ദിവസങ്ങളിൽ 59 മില്ലീ മീറ്റർ മഴയാണ് ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ ലഭിച്ചതെന്ന് കൃഷി, ഫിഷറീസ് മന്ത്രാലയം കണക്കിൽ പറയുന്നു. തെക്കൻ ബാത്തിനയിലെ ബർക്കയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 53 മില്ലി മീറ്റർ ലഭിച്ചു. റുസ്താഖ്-37 മില്ലി മീ., ദാഖിലിയയിലെ സമൈൽ- 29 മില്ലി മീ., ഹംറ- 21 മില്ലി മീ., വടക്കൻ ബാത്തിനയിലെ ഖാബൂറ-19 മില്ലി മീ., മുസന്ന -18 മില്ലി മീ., അൽ അവാബി, മുദൈബി, നഖൽ-17 മില്ലി മീ., ദിമ വത്തയ്യാൻ- 16 മില്ലി മീ., മന, അൽ ഖാബിൽ-ഒമ്പത് മില്ലി മീ. എന്നിങ്ങനെയാണ് മറ്റു ഇടങ്ങളിൽ മഴ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.