കഴിഞ്ഞ ദിവസം ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗം
മസ്കത്ത്: വ്യക്തിഗത ആദായനികുതി നിയമം നടപ്പാക്കുന്നത് തൽക്കാലികമായി നീട്ടിവെക്കാൻ ഒമാൻ. കഴിഞ്ഞ ദിവസം ചേർന്ന സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ ഇതിന് അനുകൂലമായി വോട്ട് ചെയ്തു. നിയമം നടപ്പാക്കുന്നതിനുമുമ്പ് ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ടെന്ന് സ്റ്റേറ്റ് കൗൺസിലിന്റെ സാമ്പത്തിക, ധനകാര്യ സമിതി പറഞ്ഞു. സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുൽമാലിക് അബ്ദുല്ല അൽ ഖലീലിയുടെ നേതൃത്വത്തിലായിരുന്നു യോഗം. വ്യക്തിഗത നികുതി നിയമത്തിന്റെ കരട് രേഖയിൽ വ്യക്തിഗത ആദായനികുതി നിരക്ക് 15ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറക്കുന്നതിനും അംഗങ്ങൾ ഏകകണ്ഠമായി വോട്ട് ചെയ്തു.
വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും എണ്ണയെ ആശ്രയിക്കുന്നത് കുറക്കാനും സമൂഹത്തിലെ വിഭാഗങ്ങൾക്കിടയിൽ സമ്പത്ത് പുനർവിതരണം ചെയ്യാനുമാണ് നിയമം നടപ്പാക്കുന്നതിലൂടെ ശ്രമിക്കുന്നതെന്ന് യോഗത്തിൽ കമ്മിറ്റി സൂചിപ്പിച്ചു. സാമൂഹിക സംരക്ഷണ സംവിധാനത്തിന് ധനസഹായം നൽകാനും കമ്പനികൾക്കും സംരംഭങ്ങൾക്കും മേലുള്ള ആദായനികുതി വെട്ടിപ്പിനെ ചെറുക്കാനുമുള്ള ഗവൺമെന്റിന്റെ കഴിവ് വർധിപ്പിക്കാനും നിയമം ശ്രമിക്കുന്നുണ്ടെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. നികുതി നടപ്പാക്കുന്നതിൽ പ്രതീക്ഷിക്കുന്ന ഗുണപരവും പ്രതികൂലവുമായ പ്രത്യാഘാതങ്ങൾ വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെ കരട് നിയമം പഠിക്കാൻ സമിതി തീരുമാനിച്ചു.
കരട് നിയമം അനുസരിച്ച്, 2500 റിയാലിന് (പ്രതിവർഷം 30,000 റിയാലിൽ കൂടുതൽ വരുമാനം) മുകളിൽ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് ആദായ നികുതി ബാധകമാകും. വ്യക്തിഗത ആദായനികുതി ഈടാക്കുന്നതിനുള്ള അവസാന നിയമ നിർമ്മാണ ഘട്ടത്തിലാണ് ഒമാൻ. ജൂൺ അവസാനത്തോടെ ശൂറ കൗൺസിൽ വ്യക്തിഗത ആദായനികുതി നിയമത്തിന്റെ കരട് കൗൺസിൽ ഓഫ് സ്റ്റേറ്റിന് സമർപ്പിച്ചു. അന്തിമ തീരുമാനത്തിന് അംഗീകാരം കൂടി ലഭിക്കണം. തീരുമാനം നടപ്പിലായാല്‍ ആദായ നികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമാകും ഒമാന്‍. അതേസമയം, എണ്ണ കയറ്റുമതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങൾക്ക് വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതും നികുതി പരിഷ്കാരങ്ങൾ നടപ്പാക്കുന്നതും പ്രധാന മുൻഗണനകളായി തുടരുമെന്ന് അന്താരാഷ്ട്ര നാണയ നിധി പറഞ്ഞു.
പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വ്യക്തിഗത ആദായ നികുതി നടപ്പാക്കാന്‍ ഒമാനൊരുങ്ങുന്നത്. പഞ്ചവത്സര പദ്ധതികളിലൂടെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ച കൈവരിക്കുന്നതിനായി 2021 മുതല്‍ 2040 വരെ ഒമാന്‍ നടപ്പാക്കുന്ന വിഷന്‍ 2040ന്റെ ഭാഗമാണ് പുതിയ നികുതി സമ്പ്രദായം. വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ ഒമാനില്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. 2022ല്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ ആദ്യമായി അവതരിപ്പിച്ചു. നിര്‍ദിഷ്ട ബില്‍ അനുസരിച്ച് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ബാധകമായിരിക്കും.
രാജ്യത്തിന് സുസ്ഥിരമായ വരുമാന മാര്‍ഗം പ്രദാനം ചെയ്യുന്നതാണ് പുതിയ തീരുമാനം. അടിസ്ഥാന വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവിടങ്ങളില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ ഇതിലൂടെ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.