മസ്കത്ത്: മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിൽ ഒമാൻ വഹിക്കുന്ന പങ്കിനെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് സുൽത്താൻ ഹൈതം ബിൻ താരിഖിനെ ഫോണിൽ വിളിച്ചു. സമാധാന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും, സംഘർഷങ്ങൾ കുറക്കുന്നതിലും, മേഖലയിൽ സ്ഥിരത വളർത്തുന്നതിലും ഭരണാധികാരിയും സർക്കാറും വഹിച്ച നിർണായക പങ്കിനെ ഗുട്ടറസ് അഗാധമായി അഭിനന്ദിച്ചു. ചെങ്കടലിൽ സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും സൻആയിൽ അമേരിക്കയും യമൻ അധികാരികളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനും മധ്യസ്ഥത വഹിക്കാൻ സഹായിച്ച ഒമാന്റെ സമർപ്പിത നയതന്ത്രത്തെ സെക്രട്ടറി ജനറൽ പ്രശംസിച്ചു.
സുൽത്താൻ ഹൈതം ബിൻ താരിഖ്
ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകളിൽ ഒമാൻ നടത്തുന്ന മധ്യസ്ഥശ്രമങ്ങളെയും സെക്രട്ടറി ജനറൽ അഭിനന്ദിച്ചു. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും കൈവരിക്കുന്നതിനുള്ള ഈ ശ്രമങ്ങൾക്ക് തന്റെ ശക്തമായ പിന്തുണ അറിയിക്കുകയും ചെയ്തു. എല്ലാ രാഷ്ട്രങ്ങളുടെയും ക്ഷേമത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രതിബദ്ധതയിൽനിന്നാണ് ഈ വിഷയത്തിൽ ഒമാന്റെ പങ്ക് ഉരുത്തിരിഞ്ഞതെന്ന് സുൽത്താൻ സെക്രട്ടറി ജനറലിനോട് പറഞ്ഞു. ആഗോള സമാധാനവും ഐക്യവും വളർത്തിയെടുക്കുന്നതിനുള്ള സെക്രട്ടറി ജനറലിന്റെ ശ്രമങ്ങൾക്കും യു.എൻ നടത്തുന്ന സംരംഭങ്ങൾക്കും സുൽത്താൻ നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.