കൈറോയിൽ നടന്ന അസാധാരണ അറബ് ഉച്ചകോടിയിൽ ഒമാൻ പ്രതിനിധികൾ
മസ്കത്ത്: ഫലസ്തീൻ വിഷയത്തിലെ സംഭവവികാസങ്ങളും ഗസ്സ മുനമ്പിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തുന്ന സംഘർഷവും ചർച്ച ചെയ്യുന്നതിനായി കൈറോയിൽ നടന്ന അസാധാരണ അറബ് ഉച്ചകോടിയിൽ ഒമാൻ പങ്കെടുത്തു.നിരവധി അറബ് രാജ്യങ്ങളിലെ നേതാക്കളുടെയും പ്രതിനിധി സംഘങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു യോഗം.
ഉച്ചകോടിയിലേക്കുള്ള ഒമാൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയാണ് നയിച്ചത്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ അറിയിച്ചുകൊണ്ട് ബുസൈദി നടത്തിയ പ്രസംഗത്തിൽ, ഫലസ്തീൻ മണ്ണിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിന് വെല്ലുവിളിയായി
ക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഈ നിർണായക അറബ് ഉച്ചകോടി സംഘടിപ്പിക്കുന്നതിൽ ഈജിപ്ത്, ഫലസ്തീൻ , ബഹ്റൈൻ എന്നിവർ നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചു. പുനർനിർമാണത്തിന്റെ മറവിൽ ഗസ്സ മുനമ്പിൽനിന്ന് ഫലസ്തീനികളെ കുടിയിറക്കാനുള്ള ഏതൊരു നീക്കത്തെയും പ്രസ്താവനകളെയും ഒമാൻ പൂർണമായും തള്ളികളയുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിനും അന്താരാഷ്ട്ര മാനുഷിക നിയമത്തിനും കീഴിൽ ഇത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. ക്രൂരമായ ഇസ്രായേലി യുദ്ധം മനുഷ്യരാശിയുടെ ചരിത്രത്തിൽ ഒരു ഇരുണ്ട രംഗം അനാവരണം ചെയ്തിരിക്കുകയാണ്. ഇസ്രായേൽ ദിനംപ്രതി വെടിനിർത്തൽ കരാറുകൾ ലംഘിക്കുകയാണ്. മാനുഷിക സഹായങ്ങളുടെ വരവ് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും സാധാരണക്കാരെ കൊല്ലുകയും കുടിയിറക്കുകയും ചെയ്യുന്നു. ഭൂമി പിടച്ചെടുക്കുന്നു. അവർ വിട്ടയച്ചതിനേക്കാൾ കൂടുതൽ ഫലസ്തീനികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നു.
ഈ കുറ്റകൃത്യങ്ങൾ തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി. ജെ) ആവശ്യപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഗസ്സ മുനമ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവ പലസ്തീൻ പ്രദേശങ്ങളാണെന്നും ഫലസ്തീൻ ജനതക്ക് സ്വയം നിർണയാവകാശത്തിനുള്ള നിയമപരമായ അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രി ചൂണ്ടികാട്ടി.
ഗസ്സയിൽ സ്ഥിരം വെടിനിർത്തൽ യാഥാർഥ്യമാക്കേണ്ടതിന്റെയും യാതൊരു വ്യവസ്ഥകളോ നിയന്ത്രണങ്ങളോ ഇല്ലാതെ ഗസ്സ മുനമ്പിലേക്ക് ദുരിതാശ്വാസ, മാനുഷിക സഹായങ്ങൾ പൂർണമായും എത്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
1967 ജൂൺ നാലിലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര നിയമാനുസൃത പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭങ്ങളും നടപ്പാക്കുന്നത് ഉറപ്പാക്കാൻ ഒരു അന്താരാഷ്ട്ര സമാധാന സമ്മേളനം നടത്തേണ്ടതിന്റെ ആവശ്യകതയും സയ്യിദ് ബദർ ഊന്നിപ്പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ പൂർണ്ണ അംഗത്വവും നൽകണം.
ഫെബ്രുവരി 21ന് റിയാദിൽ നിരവധി അറബ് നേതാക്കൾ തമ്മിൽ നടന്ന സാഹോദര്യ കൂടിക്കാഴ്ച വിലമതിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.ഫലസ്തീൻ ജനതയുടെ നീതിക്കും നിയമാനുസൃതമായ അവകാശങ്ങൾക്കും വേണ്ടിയുള്ള ഏകീകൃത നിലപാട് പ്രതിഫലിപ്പിക്കുന്നതായിരുന്നു കൂടിക്കാഴ്ച.അറബ് ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന പ്രായോഗിക നടപടികളിൽ ഈ ഉച്ചകോടിയിൽ എത്തുമെന്ന പ്രത്യാശ പങ്കുവെച്ചാണ് വിദേശകാര്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ഗസ്സ മുനമ്പിലെ ഈജിപ്ത് പുനഃനിർമ്മാണ പദ്ധതിയെയും അദ്ദേഹം സ്വാഗതം ചെയ്തു.
ഒമാൻ സുൽത്താനേറ്റിന്റെ പ്രതിനിധി സംഘത്തിൽ രാഷ്ട്രീയകാര്യ വിദേശകാര്യ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി, ഈജിപ്തിലെ ഒമാൻ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ അംബാസഡർ അബ്ദുല്ല ബിൻ നാസർ അൽ റഹ്ബി, അറബ് വകുപ്പ് മേധാവി അംബാസഡർ ശൈഖ് ഫൈസൽ ബിൻ ഉമർ അൽ മുർഹൗൺ, വിദേശകാര്യ മന്ത്രാലയത്തിലെ മറ്റു നിരവധി ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.