മസ്കത്ത്: തിരുവോണ ദിനത്തിൽ രണ്ടായിരത്തിലധികം പേർക്ക് ഓണസദ്യ, പ്രജകൾക്ക് ആശംസകൾ നേർന്ന് മഹാബലി ചക്രവർത്തിയുടെ വരവേൽപ്, അതിഥികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി.ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസിന്റെ മലയാളത്തിലുള്ള ഓണാശംസ, ഒപ്പം മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസ് പാടിയ ഹിന്ദി ഗാനത്തിന്റെ ആലാപനം, ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമിയുടെ ശാസ്ത്രീയ നൃത്തം എന്നിങ്ങനെ മറക്കാനാവാത്ത ഒട്ടനവധി സുന്ദര മുഹൂർത്തങ്ങളുമായി രണ്ടു ദിവസം നീണ്ടുനിന്ന പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഓണാഘോഷവും പന്ത്രണ്ടാം വാർഷികാഘോഷവും കൊടിയിറങ്ങി.ഓണം എന്നത് മലയാളിയുടെ മാത്രം ഉത്സവമല്ല എന്നും, ലോകമെന്നത് ഒരു കുടുംബം ആണെന്ന് നമ്മെ ആവർത്തിച്ചു ഓർമിപ്പിക്കുന്ന സാർവദേശീയ ആഘോഷമാണെന്നും അതിന്റെ ഏറ്റവും വലിയ പ്രതിഫലനമാണ് ഇവിടെ കാണുന്ന വിവിധ ദേശക്കാരുടെ സംഗമം എന്നും ഇന്ത്യൻ സ്ഥാനപതി ജി.വി ശ്രീനിവാസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കൂട്ടായ്മയുടെ ഈ വർഷത്തെ സാംസ്കാരിക അവാർഡ് മസ്കത്തിൽ ജനിച്ചുവളർന്ന് ചലച്ചിത്ര ലോകത്തെത്തിയ അപർണ ദാസിന് പ്രസിഡന്റ് ശ്രീകുമാർ സമ്മാനിച്ചു.കൂട്ടായ്മ ഈ വർഷം ഏർപ്പെടുത്തിയ സാമൂഹിക ക്ഷേമ അവാർഡ് മൂന്ന് ദശാബ്ദകാലമായി പാലക്കാട് ജില്ലയിലെ ജീവകാരുണ്യ രംഗത്ത് പ്രവൃത്തിക്കുന്ന ദേവാശ്രയം ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയും പത്രപ്രവർത്തകയുമായ ബീന ഗോവിന്ദിന് മസ്കത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സന്തോഷ് ഗീവറുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസ് നൽകി ആദരിച്ചു.കഴിഞ്ഞ അധ്യായന വർഷം പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്കുള്ള ബഹുമതികളും ചടങ്ങിൽ വിതരണം ചെയ്തു. കൂട്ടയ്മയിലെ അംഗങ്ങളുടെ നൃത്ത പരിപാടികളും ഗാനമേളയും ചടങ്ങിന് മാറ്റുകൂട്ടി. അതിഥികൾക്ക് നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം കൺവീനർ താജുദ്ദീൻ മാവേലിക്കര, മലബാർ വിഭാഗം കൺവീനർ നൗഷാദ് കാക്കേരി, ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, നായർ ഫാമിലി യുണിറ്റ് പ്രസിഡന്റ് സുകുമാരൻ നായർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ നിധീഷ്, പി.ടി.കെ ഷെമീർ, ഭാവലയ ഫൗണ്ടേഷൻ ചെയർമാൻ ഡോക്ടർ രത്നകുമാർ, മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ , ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, വിവിധ പ്രാദേശിക കൂട്ടായ്മയുടെ ഭാരവാഹികൾ, മാധ്യമ പ്രവർത്തകർ, വ്യവസായ-വാണിജ്യ , കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.
പാലക്കാട്ടെ പ്രമുഖ പാചക വിദഗ്ദനായ പാലട പാർഥൻ എന്നറിയപ്പെടുന്ന പാർഥസാരഥിയുടെ സഹോദരൻ പാലട ഗണേഷ് സ്വാമിയാണ് ഓണസദ്യ ഒരുക്കിയത്. തിരുവോണ ദിവസം രണ്ടായിരത്തിലേറെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണസദ്യ നടത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു എന്നും, എന്നാൽ ഏറെ കൂടിയാലോചനകൾക്കു ശേഷം ഇതുമായി മുന്നോട്ട് പോകാൻ കൂട്ടായ്മയിലെ അംഗങ്ങൾ ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു എന്നും പ്രസിഡണ്ട് ശ്രീകുമാർ പറഞ്ഞു. വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ജനറൽ സെക്രട്ടറി ജിതേഷ്, ട്രഷറർ ജഗദീഷ്, വനിതാ വിഭാഗം കോഓർഡിനേറ്റർ ചാരുലത, പ്രോഗ്രാം കോഓർഡിനേറ്റർ വൈശാഖ് മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ സുരേഷ്കുമാർ, മനോജ് , ശ്രീനിവാസൻ, ഗോപകുമാർ, നീതു പ്രതാപ്, പ്രവീൺ എന്നിവരായിരുന്നു പരിപാടിയുടെ മുഖ്യ നടത്തിപ്പുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.