ഖാബൂറ പ്രവാസി കൂട്ടായ്മ ഓണാഘോഷം
ഖാബൂറ: ഖാബൂറ പ്രവാസി കൂട്ടായ്മ പൊന്നോണം 2025 ആഘോഷിച്ചു. ഖാബൂറ ഗ്രീൻ റിസോർട്ടിൽ നടന്ന പരിപാടിയിൽ തൃശൂർ കൂട്ടായ്മയും ഖാബൂറ പ്രവാസി കൂട്ടയ്മയും സംയുക്തമായി നടത്തിയ നോർക്കാ കാർഡ് പ്രവാസി ക്ഷേമനിധി ക്യാമ്പിൽ 250 പേർ രജിസ്റ്റർ ചെയ്തു. മെഡിക്കൽ ക്യാമ്പും ഒരുക്കിയിരുന്നു. 11മണിയോടെ തൃച്ചൂർ സുരേന്ദ്രനാശാന്റെ നേതൃത്വത്തിൽ തൃശൂർ പഞ്ചവാദ്യസംഘത്തിന്റെ ചെണ്ടമേള അകമ്പടിയോടെ നടന്ന സാംസ്കാരിക ഘോഷയാത്രയിൽ മാവേലിയും നിരവധി നാടൻ കലാരൂപങ്ങളും താലപ്പൊലിയും സാംസ്കാരിക നായകന്മാരും അണിനിരന്നു. സാംസ്കാരിക സമ്മേളനത്തിൽ ഖാബൂറ പ്രവാസി കൂട്ടായ്മ രക്ഷാധികാരി രാജീവ് രാജു ഹരിപ്പാട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ്.എം.എസ് പ്രസിഡന്റ് മനോജ് ഭദ്രദീപം തെളിച്ചു. മധുസൂദനൻ, വാസുദേവൻ തളിയാറ, സുരേഷ് ഉണ്ണി, അബീഷ്, ഷാഹിദ്, സന്തോഷ്, സുചിത്ര സതീഷ് എന്നിവർ ആശംസ നേർന്നു. വിഷ്ണു സ്വാഗതവും അബ്ബാസ് നീലഗിരി നന്ദിയും പറഞ്ഞു. ജോൺസൻ രാജമണി, ഡോ. സുബ്രഹ്മണ്യൻ, റഹീം എന്നിവരെ ആദരിച്ചു.
നാട്ടിൽനിന്ന് വന്ന പാചകവിദഗ്ധൻ അനീഷ് അശോകന്റെ നേതൃത്വത്തിൽ ഉള്ള ടീം തനത് നാടൻരുചിയിൽ തയാറാക്കിയ ഓണസദ്യ മലയാളികളുടെ മനസ്സിൽ ഗൃഹാതുരത്വം ഉണർത്തി. വനിതാഗ്രൂപ് പ്രസിഡന്റ് സൗമ്യാ രാജീവ്, സെക്രട്ടറി ആര്യ വിഷ്ണു, ലുലു മുഹമ്മദ് (പ്രോഗ്രാം കോഓഡിനേറ്റർ), സനൂപാ ലിജു (വൈസ് പ്രസിഡന്റ്) തുടങ്ങിയവർ കലാകായിക പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. എബിൻ സരിക അവതാരകനായ പരിപാടിയിൽ തിരുവാതിര, ഒപ്പന, ദഫ് മുട്ട്, സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ, നാടൻപാട്ട്, മാപ്പിളപ്പാട്ട്, ഗാനമേള തുടങ്ങിയ നിരവധി കലാപരിപാടികൾ നടന്നു. മന്ത്രികൻ നിസാറിന്റെ നേതൃത്വത്തിൽ മാജിക് ഷോയും കാബൂറയിലെയും പരിസര പ്രദേശങ്ങളിലെയും പുരുഷ, വനിതാ ടീമുകൾ പങ്കെടുത്ത വടംവലി മത്സരവും പരിപാടിക്ക് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.