ഒമാനിൽ ആദ്യ ഹൈഡ്രജൻ സിറ്റി ബസ് നിരത്തിലേക്ക്
മസ്‌കത്ത്: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളിലേക്കും സ്മാർട്ട് സിറ്റി പദ്ധതികളിലേക്കും ചുവടുവെക്കുന്നതിന്റെ ഭാഗമായി ഒമാൻ തങ്ങളുടെ ആദ്യത്തെ ഹൈഡ്രജൻ സിറ്റി ബസ് മസ്‌കത്തിലെ പൊതുഗതാഗത റൂട്ടുകളിൽ സർവീസിനായി രംഗത്തെത്തുന്നു. ദക്ഷിണ കൊറിയൻ വാഹന നിർമ്മാണ ഭീമന്മാരായ ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പുമായി സഹകരിച്ചാണ് സുൽത്താനേറ്റിൽ ഈ പുതിയ പദ്ധതി നടപ്പാക്കുന്നത്.
സലാലയിൽ നടന്ന ‘ഗൾഫ് ഗ്രീൻ മൊബിലിറ്റി ഫോറത്തിൽ’ ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയവും ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പും തമ്മിൽ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സുൽത്താൻ ഹൈതം സിറ്റി ഉൾപ്പെടെയുള്ള സ്മാർട്ട് സിറ്റികളുടെ വികസനത്തിലും സുസ്ഥിര നഗരകേന്ദ്രങ്ങൾ കെട്ടിപ്പടുക്കുന്നതിലും ഹ്യുണ്ടായി ഒമാന്റെ സാങ്കേതിക പങ്കാളിയാകും.
ഹ്യുണ്ടായിയുടെ 24 സീറ്റുകളുള്ള ‘ഇലക് സിറ്റി ഫ്യുവൽ സെൽ’ ബസാണ് പൊതുഗതാഗത ഓപറേറ്ററായ മുവാസലാത്ത് സർവീസിനായി ഉപയോഗിക്കുക. ഈ വർഷം മൂന്നാം പാദത്തിൽ ആരംഭിക്കുന്ന ഈ പരീക്ഷണ സർവീസ് അടുത്ത വർഷം മൂന്നാം പാദം വരെ നീളും. സാധാരണ ഡീസൽ ബസുകളെ അപേക്ഷിച്ച് ഹൈഡ്രജൻ ബസിന്റെ കാര്യക്ഷമത, പരിസ്ഥിതി സൗഹൃദ മികവ്, വിശ്വാസ്യത എന്നിവ ഈ കാലയളവിൽ മുവാസലാത്തും ഹ്യുണ്ടായിയും വിലയിരുത്തും.
ഈ ഹരിത വിപ്ലവത്തിന്റെ ഭാഗമായി ഹ്യുണ്ടായി ഒമാൻ ഓയിൽ മാർക്കറ്റിങ് കമ്പനിയുമായും അവരുടെ ഇവി ചാർജിങ് ബ്രാൻഡായ ഇ.വി.ഒയുമായും കൈകോർക്കുന്നുണ്ട്. മസ്‌കത്തിനടുത്തുള്ള ഹാൽബാനിലെ ഒമാൻ ഓയിൽ സർവീസ് സ്റ്റേഷനിൽ 240 കിലോവാട്ട് ഡിസി അൾട്രാ ഫാസ്റ്റ് ഇലക്ട്രിക് വെഹിക്കിൾ ചാർജർ സ്ഥാപിക്കും. ഒമാനിലെ കഠിനമായ വേനൽക്കാലത്തെ ഉയർന്ന താപനിലയിൽ ഈ ചാർജിങ് സംവിധാനത്തിന്റെ പ്രവർത്തനം എങ്ങനെയുണ്ടെന്ന് ഈ വർഷത്തെ മൂന്ന്, നാല് പാദങ്ങളിൽ പരിശോധിക്കും. ഈ പരീക്ഷണ സർവീസുകളുടെ വിജയത്തെ അടിസ്ഥാനമാക്കി ഭാവിയിൽ രാജ്യമൊട്ടാകെ ഹൈഡ്രജൻ ബസുകളും അതിവേഗ ചാർജിങ് ശൃംഖലകളും വിപുലമായി വ്യാപിപ്പിക്കാനാണ് ഒമാൻ ലക്ഷ്യമിടുന്നത്. ഗതാഗത മേഖലയിലെ അന്തരീക്ഷ മലീനീകരണം കുറക്കുന്നതിനും സുസ്ഥിര വികസനത്തിനുമുള്ള ഒമാന്റെ വലിയൊരു ചുവടുവെപ്പാണ് പുതിയ ഹരിത പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.