ദോഫാർ ഗവർണറേറ്റിൽ പുതുതായി ഉദ്ഘാടനം ചെയ്ത റോഡുകളിലൊന്ന്

ദോഫാറിൽ 380 കിലോമീറ്റർ നീളമുള്ള പുതിയ റോഡ് പദ്ധതികളായി

സലാല: ദോഫാർ ഗവർണറേറ്റിലെ കണക്റ്റിവിറ്റിയും വ്യാപാര ബന്ധങ്ങളും കൂടുതൽ ശക്തമാക്കി ഏകദേശം 380 കിലോമീറ്റർ നീളമുള്ള രണ്ട് പ്രധാന റോഡ് പദ്ധതികൾ ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ഉദ്ഘാടനം ചെയ്തു. അൽ മസൂന, മഖ്ഷിൻ വിലായത്തുകളിലെ പ്രധാന സാമ്പത്തിക-ജനവാസ കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതികൾ. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ മുഖ്യകാർമ്മികത്വത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടന്നു.

ദോഫാറിന്റെ ഗതാഗത കാര്യക്ഷമതയും സുസ്ഥിര വളർച്ചയും വർധിപ്പിക്കുന്നതിനുള്ള തന്ത്രപ്രധാനമായ ചുവടുവെപ്പാണ് ഈ പദ്ധതികൾ. ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് മന്ത്രാലയം റോഡ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജി. സഈദ് ബിൻ ഹമൂദ് അൽ മഅ്‍വാലി വ്യക്തമാക്കി. 210 കിലോമീറ്റർ ദൈർഘ്യമുള്ള ഹർവൂബ്-മെതൻ റോഡ് പദ്ധതി അൽ മസൂന വിലായത്തിനെ ചുറ്റുമുള്ള പ്രദേശങ്ങളുമായും ഫ്രീ സോണുമായും കരമുഖ തുറമുഖവുമായും ബന്ധിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കും. ഒപ്പം അയൽരാജ്യമായ യമനിലേക്കുള്ള യാത്രാ സൗകര്യവും ഇത് വർധിപ്പിക്കും. ചരക്കുനീക്കം സുഗമമാക്കാനും അൽ മസൂനയെ ഒരു വാണിജ്യ-ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റാനും ഈ പദ്ധതി സഹായിക്കും. ഹർവൂബ്-അൻദത് (45 കി.മീ), അൻദത്-തൂസ്നാത് (26 കി.മീ), തൂസ്നാത്-അൽ മസൂന (39 കി.മീ), അൽ മസൂന-മെതൻ (90 കി.മീ), അൻദത്-ഹബ്രൂത് (10 കി.മീ) എന്നിവയാണ് തുറന്നത്.

170 കിലോമീറ്റർ വരുന്ന മഖ്ഷിൻ അസ്ഫാൽറ്റ് റോഡ് ശൃംഖല മുഖ്ഷിൻ വിലായത്തിന്റെ കേന്ദ്രത്തെ വിവിധ ജനവാസ മേഖലകളുമായി ബന്ധിപ്പിക്കുന്നു. മന്ദർ അൽ ദിബ്യാൻ, അൽ മഷാഷ്, മർസുദ്, അൽ മനാദിർ, ഷജാജ് എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡ് ജനങ്ങളുടെയും ചരക്കുകളുടെയും സഞ്ചാരം എളുപ്പമാക്കും. മഖ്ഷിനിലെ വിനോദസഞ്ചാര-സാമ്പത്തിക സാധ്യതകൾക്കും പദ്ധതി കരുത്തേകും. നഗരവൽക്കരണം പ്രോത്സാഹിപ്പിക്കാനും പൊതുസേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും ഈ പുതിയ പാതകൾ വഴിവെക്കും.

Tags:    
News Summary - 380-Km New Road Projects Planned in Dhofar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.