മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി ഒമാൻ മെഡിക്കൽ സ്പെഷാലിറ്റി ബോർഡ് സി.ഇ.ഒയും ആരോഗ്യ മേഖല എംപ്ലോയ്മെന്റ് ഗവേണൻസ് കമ്മിറ്റി ചെയർപേഴ്സണുമായ ഡോ. ഫാത്തിമ ബിൻത് മുഹമ്മദ് അൽ അജ്മിയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനായി മസ്കത്ത് ഗവർണറേറ്റ് ഒരുങ്ങുന്നു. ആരോഗ്യ മേഖല തൊഴിൽ ഭരണ സമിതിയുമായി ചേർന്ന് വിവിധ മെഡിക്കൽ സ്പെഷാലൈസേഷനുകൾ ലക്ഷ്യമിട്ടുള്ള പ്രധാന തൊഴിൽ, ഒമാനൈസേഷൻ സംരംഭങ്ങൾ സജീവമാക്കും. മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി ഒമാൻ മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡ് സി.ഇ.ഒയും ആരോഗ്യ മേഖല എംപ്ലോയ്മെന്റ് ഗവേണൻസ് കമ്മിറ്റി ചെയർപേഴ്സനുമായ ഡോ. ഫാത്തിമ ബിൻത് മുഹമ്മദ് അൽ അജ്മിയുമായി കൂടിക്കാഴ്ച നടത്തി.
ഗവർണറേറ്റിലെ ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മുൻഗണനാ സംരംഭങ്ങൾ അവലോകനം ചെയ്തു. , ദന്തഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, മെഡിക്കൽ കോഡർമാർ എന്നിവരെ നിയമിക്കാനുള്ള പദ്ധതികളും ചർച്ച ചെയ്യപ്പെട്ട സംരംഭങ്ങളിൽ ഉൾപ്പെടുന്നു. ആരോഗ്യ അക്കാദമിക് സ്ഥാപനങ്ങളിലെ ബിരുദധാരികളെ തൊഴിൽ വിപണി ആവശ്യങ്ങൾക്കനുസൃതമായി സ്പെഷ്യലൈസേഷനുകളിൽ വീണ്ടും പരിശീലിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു റിക്വാലിഫിക്കേഷൻ പ്രോഗ്രാമിനെ കുറിച്ചും വിശകലനം ചെയ്തു.
മെഡിക്കൽ മേഖലയിലെ തൊഴിൽ ശക്തിയുടെ ആവശ്യകതകൾ വിലയിരുത്തുക, ആവശ്യമായ ജീവനക്കാരുടെ എണ്ണം നിർണയിക്കുക, മേഖലക്കുള്ളിൽ സ്ഥിരമായ തൊഴിൽ ഉറപ്പാക്കുന്നതിന് സുസ്ഥിര തന്ത്രങ്ങൾ വികസിപ്പിക്കുക എന്നിവ ചുമതലപ്പെടുത്തിയിരിക്കുന്ന ആരോഗ്യ മേഖലയിലെ തൊഴിൽ ഭരണ സമിതിയുടെ പങ്കിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.