മസ്കത്ത്/ തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ ശക്തമായ വ്യോമാക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണം ചർച്ച ചെയ്യാൻ ഒമാൻ നയതന്ത്ര പ്രതിനിധി സംഘം ഇറാനിലെത്തി.
കപ്പൽ ഗതാഗത സുരക്ഷക്കായുള്ള കൃത്യമായ സംവിധാനങ്ങൾ രൂപീകരിക്കുന്നതിനായി ഒമാൻ സംഘം ഇറാൻ അധികൃതരുമായി തെഹ്‌റാനിൽ ചർച്ചകൾ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’ റിപ്പോർട്ട് ചെയ്തു. ഇറാനും ഒമാനും തമ്മിലുള്ള നിരന്തരമായ നയതന്ത്ര ചർച്ചകളുടെ ഭാഗമായാണ് ഈ സന്ദർശനം. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ ഫോണിലൂടെയും സ്ഥിതിഗതികൾ വിലയിരുത്തി.
ലോകത്തെ ആകെ എണ്ണ-വാതക കയറ്റുമതിയുടെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിലൂടെയുള്ള ജലപാത തടസ്സപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെയും ഇന്ധനവിലയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഹുർമുസ് കടലിടുക്ക് ഒമാനുമായി ചേർന്ന് സംയുക്തമായി നിയന്ത്രിക്കാൻ തയാറാണെന്ന് ഇറാൻ ആവർത്തിക്കുമ്പോഴും അമേരിക്കയും മറ്റ് ഗൾഫ് രാജ്യങ്ങളും ഈ നിർദേശത്തെ അംഗീകരിക്കുന്നില്ല.
കടലിടുക്കിന്റെ പ്രവേശന കവാടത്തിലുള്ള തന്ത്രപ്രധാനമായ സ്ഥാനവും ഇറാനുമായും മറ്റ് ഗൾഫ് രാജ്യങ്ങളുമായുമുള്ള മികച്ച നയതന്ത്ര ബന്ധവും കാരണം മേഖലയിലെ സംഘർഷ സാഹചര്യങ്ങളിൽ ഒമാനാണ് മിക്കപ്പോഴും മധ്യസ്ഥത വഹിക്കുന്നത്. ‘ഹുർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള സുപ്രധാന ജലപാതകൾ പൂർണമായും തുറന്നിടണമെന്നും അന്താരാഷ്ട്ര വ്യാപാരത്തെയും കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെയും തടസ്സപ്പെടുത്തുന്ന ഒരു നടപടികളും ഉണ്ടാകരുതെന്നും’ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
കഴിഞ്ഞ മാസം ഒപ്പുവെച്ച താൽക്കാലിക സമാധാന കരാർ തകർന്നതിനെ തുടർന്ന് കഴിഞ്ഞ 14 ദിവസമായി അമേരിക്കയും ഇറാനും തമ്മിൽ തുടർച്ചയായി വ്യോമാക്രമണങ്ങൾ നടത്തുകയാണ്. ഇതിനിടെ യമനിലെ ഹൂതി വിമതർ സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതോടെ പ്രതിസന്ധി കൂടുതൽ സങ്കീർണമായി. കുവൈത്ത്, ബഹ്‌റൈൻ, ജോർഡൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ സേനയായ ഐ.ആർ.ജി.സി അവകാശപ്പെട്ടു. അതേസമയം, ഇറാനിൻ അമേരിക്കൻ ആക്രമണങ്ങളിൽ അടുത്തിടെ 55 പേർ കൊല്ലപ്പെടുകയും 650 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.