മേഖലാ സംഘർഷം കുറക്കാൻ നയതന്ത്രം തുടരണമെന്ന് ഒമാനും ഇന്ത്യയും
ന്യൂയോർക്ക്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും കൂടിക്കാഴ്ച നടത്തി. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ തുടർച്ചയായ നയതന്ത്ര ഇടപെടലുകളും പ്രാദേശിക സഹകരണവും അനിവാര്യമാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ പ്രാദേശിക സാഹചര്യങ്ങൾ, സംഘർഷം കുറക്കാനുള്ള ശ്രമങ്ങൾ, ഹുർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ നാവിഗേഷൻ, ഊർജ വിതരണം, വിതരണ ശൃംഖലകൾ എന്നിവയാണ് ചർച്ചയായത്.പ്രായോഗികവും പരസ്പരം അംഗീകരിക്കാവുന്നതുമായ പരിഹാരങ്ങളിലേക്ക് എത്താനും മേഖലയിൽ നിലനിൽക്കുന്ന സംഘർഷം കുറക്കാനും നയതന്ത്ര ശ്രമങ്ങൾ തുടരേണ്ടത് അനിവാര്യമാണെന്ന് സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു.
സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് മേഖലയിൽ ഏകോപനം ശക്തിപ്പെടുത്തുന്നതിൽ ഒമാനും ഇന്ത്യയും ഒരേ നിലപാടിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് സമുദ്രസുരക്ഷയും ഊർജ വിതരണവും ഉറപ്പാക്കുന്നതിൽ സഹകരണം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.നിലവിലുള്ള പ്രശ്നങ്ങൾക്ക് പ്രായോഗികവും പരസ്പരം അംഗീകരിക്കാവുന്നതുമായ പരിഹാരം കണ്ടെത്താനും മേഖലയിൽ സംഘർഷം വർധിക്കുന്നത് തടയാനും നയതന്ത്ര ശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.