മസ്കത്ത്: ട്വന്റി 20 പ്രീമിയർ കപ്പിൽ സൗദി അറേബ്യയെ 10 വിക്കറ്റിന് തകർത്ത് ഒമാൻ വനിതാ ടീം. മലേഷ്യയിലെ വൈ.എസ്.ഡി-യു.കെ.എം ക്രിക്കറ്റ് ഓവലിൽ നടന്ന മത്സരത്തിൽ നാല് ഓവറിൽ എട്ടു റൺസ് മാത്രം വിട്ടു നൽകി അഞ്ചു വിക്കറ്റെടുത്ത ക്യാപ്റ്റൻ പ്രിയങ്ക മെൻഡോൻസയുടെ തകർപ്പൻ ബൗളിങ് പ്രകടനവും ഓപ്പണർ ജയധന്യ ഗുണശേഖറിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് ഒമാന് ആധികാരിക വിജയം സമ്മാനിച്ചത്.
ടൂർണമെന്റിലെ ഒമാന്റെ രണ്ടാം വിജയമാണിത്.ക്യാപ്റ്റൻ പ്രിയങ്ക മെൻഡോൻസയാണ് പ്ലയർ ഓഫ് ദ മാച്ച്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഒമാന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. തുടക്കം മുതൽ കടുത്ത സമ്മർദത്തിലായ സൗദി 13.4 ഓവറിൽ വെറും 38 റൺസിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഇടംകൈയൻ പേസർ പ്രിയങ്കയാണ് സൗദി നിരയുടെ നട്ടെല്ലൊടിച്ചത്.
ജയധന്യ, ഫിസ ജാവേദ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി. സൗദി നിരയിൽ ഒരാൾക്ക് പോലും രണ്ടക്കം കടക്കാനായില്ല . എട്ട് റൺസ് നേടിയ നജ്‌വ അക്രമാണ് എതിർ നിരയിലെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ വെറും 3.2 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യം കണ്ടു. 14 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറുമടക്കം 31 റൺസ് നേടി ജയധന്യയും, ആറ് റൺസോടെ നിത്യ ജോഷിയും ടീമിനെ വിജയത്തിലേക്ക് നയിച്ചു.
100 പന്തുകൾ ബാക്കിനിൽക്കെയാണ് ഒമാൻ ലക്ഷ്യത്തിലെത്തിയത്. ആദ്യ മൽസരത്തിൽ ചൈനയെ തോൽപിക്കുകയും കഴിഞ്ഞ മത്സരത്തിൽ യു.എ.ഇയോട് തോൽക്കുകയും ചെയ്ത ഒമാൻ വനിതകൾ, ഈ തകർപ്പൻ ജയത്തോടെ ഗ്രൂപ്പ് ബിയിൽ നിന്ന് ക്വാർട്ടർ ഫൈനലിൽ കടക്കാനുള്ള സാധ്യത സജീവമാക്കി. ഞായറാഴ്ച ഫിലിപ്പീൻസിനെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയിച്ചാൽ ഒമാന് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.