ഒമാൻ വെറ്ററൻസ് ക്രിക്കറ്റ് ലീഗ്: സീബ് സ്റ്റാർസ് ചാമ്പ്യന്മാർ

മസ്കത്ത്: ഒമാൻ ക്രിക്കറ്റ് അക്കാദമി തുടർച്ചയായ രണ്ടാം വർഷവും വിജയകരമായി നടത്തിയ വെറ്ററൻസ് ക്രിക്കറ്റ് ടൂർണമെന്റിൽ മലയാളി താരം വിനു മാത്യു നയിച്ച സീബ് സ്റ്റാർസ് ജേതാക്കളായി. ആവേശകരമായ ഫൈനലിൽ മസ്‌കത്ത് കാപിറ്റൽസിനെ സൂപ്പർ ഓവറിലാണ് സീബ് സ്റ്റാർസ് കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട സീബ് സ്റ്റാർസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എടുത്തു.

മുൻ കേരള രഞ്ജി താരം പ്രശാന്ത് ചന്ദ്രൻ 24 പന്തിൽ 35 റൺസ് എടുത്ത് ടോപ് സ്‌കോറർ ആയി. 147 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ മസ്കത്ത് കാപിറ്റൽസ് ഒരു വേള 37 റൺസിന് നാലു വിക്കറ്റുമായി പതറിയെങ്കിലും ആറാമനായി ക്രീസിലെത്തിയ ഒമാന്റെ മുൻ ദേശീയ നായകൻ ഹേമൽ മെഹ്ത്തയുടെ കൂറ്റനടികൾ തുണയായി.

അവസാന ഓവറിൽ മൂന്നു പടു കൂറ്റൻ സിക്‌സറുകൾ പായിച്ച് വിജയത്തിനടുത്ത് എത്തിയെങ്കിലും ജയിക്കാൻ നാലു റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ മൂന്ന് റൺസ് ഓടിയെടുക്കാനേ ഹേമലിന് സാധിച്ചുള്ളൂ. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത മസ്കത്ത് കാപ്പിറ്റൽസ് 10 റൺസ് എടുത്തപ്പോൾ സീബ് സ്റ്റാർസ് അഞ്ചു പന്തിൽ 11 റൺസ് എടുത്ത് അനായാസ വിജയം നേടി. തുടർച്ചയായി രണ്ടാം വർഷം നടക്കുന്ന വെറ്ററൻസ് ടൂർണമെന്റിൽ കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി ഒട്ടേറെ മലയാളികൾ പങ്കെടുത്തു.

ജേതാക്കളായ സീബ് സ്റ്റാർസിൽ കാപ്റ്റൻ വിനു മാത്യു, മുൻ കേരള രഞ്ജി താരം പ്രശാന്ത് ചന്ദ്രൻ എന്നിവരെ കൂടാതെ റിയാസ് അമ്പലത്ത്, സുഗേഷ് ബാബു എന്നിവർ മലയാളികളാണ്. മൊത്തം ആറു ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ വ്യത്യസ്ത ടീമുകളിലായി ഒമാൻ ക്രിക്കറ്റ് ക്യൂറേറ്റർ അനൂപ്, ഇന്റർനാഷണൽ അമ്പയർമാരായ വിനോദ് ബാബു, ഹരി കൃഷ്ണ, ഗോപകുമാർ തുടങ്ങി ഒട്ടേറെ മലയാളികൾ ഭാഗവാക്കായി. ഒട്ടേറെ മലയാളി ക്രിക്കറ്റ് പ്രേമികൾ കുടുംബ സമേതം കാണികളായും എത്തി.

Tags:    
News Summary - Oman Veterans Cricket League: Seeb Stars crowned champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.