ദോഫാറിൽ മേസ്ക്വിറ്റ് ചെടികൾ യന്ത്രമുപയോഗിച്ച് പിഴുതുമാറ്റുന്നു
മസ്‌കത്ത്: ഒമാന്റെ തനത് പരിസ്ഥിതിക്കും ജലസ്രോതസ്സുകൾക്കും കടുത്ത ഭീഷണിയുയർത്തുന്ന മേസ്ക്വിറ്റ് ചെടികൾ പൂർണമായും ഇല്ലാതാക്കാനുള്ള ദേശീയ കാമ്പയിൻ രാജ്യത്തുടനീളം ഊർജിതമായി പുരോഗമിക്കുന്നു. കാറഷിക- മൽസ്യബന്ധന- ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ -സ്വകാര്യ സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ചാണ് ഫീൽഡ് ഓപറേഷൻ നടപ്പാക്കുന്നത്.
പ്രാദേശികമായി ‘അൽ ഗാഫ് അൽ ബഹ്‌രി’ എന്ന് വിളിക്കപ്പെടുന്ന ഈ അധിനിവേശ സസ്യം ഭൂഗർഭജലം വൻതോതിൽ വലിച്ചെടുക്കുന്നതിനൊപ്പം ഒമാന്റെ തനത് സസ്യജാലങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് വിപുലമായ തോതിൽ നിർമാർജന പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്.
മെസ്ക്വിറ്റ് അഥവാ പ്രോസോപിസ് ജൂലിഫ്ലോറ ചെടികൾ ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളിലും വളരുന്നുണ്ട്. മലയാളത്തിൽ സാലിമരം, വേലി കരുവേലം, സീമ കരുവേലം എന്നീ പേരുകളിൽ ഇവ അറിയപ്പെടുന്നുണ്ട്.സുൽത്താനേറ്റിലെ വിവിധ സൈറ്റുകളിൽ കനത്ത യന്ത്രസാമഗ്രികളും മണ്ണുമാന്തികളും ഉപയോഗിച്ചാണ് മേസ്ക്വിറ്റ് മരങ്ങളെ വേരോടെ പിഴുതെറിയുന്നത്. മരങ്ങൾ മുറിച്ചുമാറ്റിയാൽ പോലും വേരുകളിൽ നിന്ന് ഇവ വീണ്ടും അതിവേഗം മുളച്ചുപൊന്താൻ സാധ്യതയുള്ളതിനാലാണ് യന്ത്രങ്ങൾ ഉപയോഗിച്ച് വേരുകൾ പൂർണ്ണമായും തുരന്ന് ചെടി നീക്കം ചെയ്യുന്നത്. മരങ്ങളുടെ അവശിഷ്ടങ്ങൾ, വിത്തുകൾ എന്നിവ പ്രത്യേകമായി ശേഖരിച്ച് പ്രത്യേകം മാറ്റുന്നുണ്ട്. ഇവ കാറ്റിലൂടെയോ പക്ഷി-മൃഗാദികളുടെ ഭക്ഷ്യാവശിഷ്ടങ്ങളിലൂടെയോ മറ്റു സ്ഥലങ്ങളിലേക്ക് എത്തിപ്പെന്നത് തടയാനായി തികച്ചും ശാസ്ത്രീയവും സുരക്ഷിതവുമായ മാർഗങ്ങളിലൂടെയാണ് ശേഖരിച്ച അവശിഷ്ടങ്ങൾ നശിപ്പിച്ചു കളയുന്നത്.
കാമ്പയിനിന്റെ ഭാഗമായി ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് കർഷകർക്കും പൊതുജനങ്ങൾക്കും പ്രത്യേക ബോധവൽകരണ ക്ലാസുകളും നൽകുന്നുണ്ട്. തങ്ങളുടെ കൃഷിയിടങ്ങളിലോ പരിസരങ്ങളിലോ ഈ മരങ്ങൾ കണ്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും ഇവ വിറകിനായോ മറ്റ് ആവശ്യങ്ങൾക്കായോ വെച്ചുപിടിപ്പിക്കരുതെന്നും മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്. ഒമാൻ വിഷൻ 2040-ന്റെ പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ ദേശീയ യജ്ഞം പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.