കുട്ടികളുടെ ആരോഗ്യം മുഖ്യം; സ്കൂൾ ബാഗുകൾക്ക് മാനദണ്ഡം നിർദേശിച്ച് ഒമാൻ വാണിജ്യ മന്ത്രാലയം

മസ്കത്ത്: ഒമാനിൽ സ്വദേശി സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷക്കായി സ്കൂൾ ബാഗുകൾക്ക് കൃത്യമായ ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. കുട്ടികളുടെ നട്ടെല്ലിന്റെയും പേശികളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കാത്ത രീതിയിലുള്ള സുരക്ഷിതമായ ബാഗുകൾ മാത്രം തെരഞ്ഞെടുക്കാൻ മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. ഒമാൻ/ജി.സി.സി ഏകീകൃത ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂൾ ബാഗുകൾ നിർമിക്കുമ്പോഴും വാങ്ങുമ്പോഴും കൃത്യമായ സുരക്ഷാ വ്യവസ്ഥകൾ പാലിച്ചിരിക്കണം. ഇതനുസരിച്ച് സ്കൂൾ ബാഗിന്റെ ആകെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടുതലാവാൻ പാടില്ല. തോളിന്മേലുള്ള സമ്മർദം കുറക്കാൻ ബാഗിന്റെ സ്ട്രാപ്പുകൾ വീതിയുള്ളതും സ്പോഞ്ച് തുന്നിയതുമായിരിക്കണം.

കുട്ടിയുടെ ശരീരത്തിനനുസരിച്ച് ഇവ നീളം കൂട്ടി ക്രമീകരിക്കാൻ സാധിക്കണം. നട്ടെല്ലിനുള്ള ആഘാതം കുറക്കാൻ ബാഗിന്റെ പിൻഭാഗത്തും ഇത്തരത്തിൽ സ്പോഞ്ച് പാളികൾ ഉണ്ടായിരിക്കണം. ബാഗിന്റെ വലിപ്പം കുട്ടിയുടെ പുറംഭാഗത്തിന്റെ മുകൾ വശം മുതൽ വാരിയെല്ലിന്റെ താഴ്ഭാഗം വരെ മാത്രമായിരിക്കണം. ഒരു കാരണവശാലും ബാഗ് അരക്കെട്ടിന് താഴേക്ക് തൂങ്ങിക്കിടക്കാൻ പാടില്ല. പരിസ്ഥിതി സൗഹൃദപരവും കുട്ടികളുടെ ആരോഗ്യത്തിന് ദോഷം ചെയ്യാത്തതുമായ സുരക്ഷിതമായ വസ്തുക്കൾ കൊണ്ടായിരിക്കണം ബാഗുകൾ നിർമിക്കേണ്ടത്. ബാഗിനുള്ളിലെ പുസ്തകങ്ങളും മറ്റ് സാമഗ്രികളും കൃത്യമായി വിഭജിച്ചു വെക്കാനും ഭാരം ഒരേപോലെ ക്രമീകരിക്കാനും സഹായിക്കുന്ന ഒന്നിലധികം അറകൾ ബാഗിനുണ്ടായിരിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും ബാഗുകളുടെ സുരക്ഷയെക്കുറിച്ച് കൃത്യമായ അവബോധം വളർത്തുകയാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.

Tags:    
News Summary - Children's health is paramount; Oman's Ministry of Commerce sets standards for school bags

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.