മസ്കത്ത്: സിഗരറ്റ്, മദ്യം തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നികുതി വർധന ഇൗ വർഷം മുതൽ രാജ്യത്ത് നിലവിൽ വന്നേക്കും. നൂറു ശതമാനം വരെ നികുതിയിൽ വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ജി.സി.സി ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് കോഒാപറേഷൻ കൗൺസിൽ യോഗത്തിൽ ഒപ്പിട്ട സെലക്ടീവ് ടാക്സ് എഗ്രിമെൻറ് പ്രകാരമുള്ള നികുതി വർധനവാണ് ഇൗ വർഷം മുതൽ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
പുകയില, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങൾ, ഉൗർജ പാനീയങ്ങൾ എന്നിവയാണ് പൊതുധാരണപ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ. കൂടുതൽ ഉൽപന്നങ്ങൾ ആവശ്യമെങ്കിൽ ഭാവിയിൽ ഇതിൽ ഉൾപ്പെടുത്തുകയും ചെയ്യും. ധാരണപ്രകാരം അമ്പത് മുതൽ നൂറു ശതമാനം വരെ നികുതി വർധനവാണ് ഉണ്ടാവുക. പുകയിലക്കും മദ്യത്തിനുമുള്ള കസ്റ്റംസ് നികുതി ഇതിനുപുറമെ തുടരുകയും ചെയ്യും. നികുതിയുടെ വിശദവിവരങ്ങൾ സെക്രേട്ടറിയറ്റ് ജനറൽ ഫോർ ടാക്സേഷൻ വൈകാതെ പുറത്തുവിടും.
ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സക്ക് ജി.സി.സി രാഷ്ട്രങ്ങൾ വൻതുക ചെലവാക്കേണ്ടിവരുന്ന സാഹചര്യവും നികുതി വർധനവിന് പ്രേരണയായതായി റിപ്പോർട്ട് പറയുന്നു. ചികിത്സാ ചെലവ് കുറക്കുന്നതിനൊപ്പം എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതും സർക്കാറിെൻറ ലക്ഷ്യമാണ്. പുകയില ഉപഭോഗം മൂലം രാജ്യത്തിെൻറ സമ്പദ്ഘടനക്ക് ഉണ്ടാകുന്ന ആഘാതം കുറക്കാൻ നികുതിവർധന സഹായകരമാകുമെന്ന് ആരോഗ്യമന്ത്രാലയത്തിെൻറ ഭാഗമായ ദേശീയ പുകയില നിയന്ത്രണ കമ്മിറ്റി സീനിയർ കൺസൽട്ടൻറ് ഡോ. ജവാദ് അൽ ലവാട്ടി പറഞ്ഞു.
ഒമാൻ ആരോഗ്യ ബജറ്റിെൻറ 60 ശതമാനവും ഹൃദ്രോഗവും കാൻസറും അടക്കമുള്ള പകർച്ചവ്യാധിയിതര രോഗങ്ങളുടെ ചികിത്സക്കായാണ് വിനിയോഗിക്കപ്പെടുന്നത്. ഒമാനിലെ പുരുഷൻമാരിൽ 14 ശതമാനവും സ്ത്രീകളിൽ 0.5 ശതമാനവും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതായാണ് കണക്കുകൾ.
നികുതി വർധനവിനെ തുടർന്ന് വില ഉയരുന്നത് സമൂഹത്തിൽ ചെറിയ തോതിലെങ്കിലും ബോധവത്കരണത്തിന് കാരണമാകുമെന്ന് അൽ ലവാട്ടി പറഞ്ഞു. കഴിഞ്ഞ വർഷം ഒമാനിൽ പുകയില ഉൽപന്നങ്ങളുടെ നികുതിയിൽ വർധന വരുത്തിയിരുന്നു. കഴിഞ്ഞ 17 വർഷത്തിനിടെ ആദ്യമായാണ് പുകയില നികുതിയിൽ ഒമാൻ വർധന വരുത്തിയത്.
2018ഒാടെ മൂല്യവർധിത നികുതിയും ജി.സി.സി രാഷ്ട്രങ്ങളിൽ പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. അഞ്ചു ശതമാനം ‘വാറ്റ്’ കൂടി വരുന്നതോടെ പുകയില ഉൽപന്നങ്ങളുടെ വിലയിൽ നല്ല വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.