മസ്കത്ത്: ബ്രൂണെ പുസ്തകോത്സവത്തിൽ പങ്കാളിയായി സുൽത്താനേറ്റ്. ഒമാനും ബ്രൂണെയും തമ്മിലുള്ള സാംസ്കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പങ്കാളിത്തം.
ഒമാനി ബൗദ്ധിക ഉൽപാദനം ഉയർത്തിക്കാട്ടുന്നതിനും ഒമാനി എഴുത്തുകാരെയും പ്രസാധകരെയും പരിചയപ്പെടുത്തുന്നതിനും ദേശീയ സാംസ്കാരിക സ്വത്വം പ്രോത്സാഹിപ്പിക്കുന്നതിനും കിഴക്കൻ ഏഷ്യയിലുടനീളമുള്ള വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങളിൽ ഒമാനി പ്രസിദ്ധീകരണങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ബ്രൂണെ സാംസ്കാരിക, യുവജന, കായികമന്ത്രി ഡാറ്റോ സെരി സെറ്റിയ അവാങ് ഹാജി നസ്മി ബിൻ ഹാജി മുഹമ്മദ് മേള ഉദ്ഘാടനം ചെയ്തു. ഒമാനി പവിലിയൻ സന്ദർശിച്ചാണ് അദ്ദേഹം പര്യടനം ആരംഭിച്ചത്. ഒമാനി സാഹിത്യം, ചരിത്രം, പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്ന വിവിധ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം അവലോകനം ചെയ്തു.
പങ്കാളിത്തത്തിന്റെ ഗുണനിലവാരത്തെയും പ്രദർശിപ്പിച്ചിരിക്കുന്ന ഉള്ളടക്കത്തെയും മന്ത്രി പ്രശംസിച്ചു. സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ സമീപകാല പ്രസിദ്ധീകരണങ്ങളുടെ ശേഖരം, സർക്കാർ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവയിൽ നിന്നുള്ള വസ്തുക്കൾ എന്നിവ ഉൾക്കൊള്ളുന്ന ഒമാനി പവിലിയൻ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്നു.
ഒമാന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃകം എടുത്തുകാണിക്കുന്ന ടൂറിസം സാമഗ്രികളും ഫോട്ടോ പ്രദർശനങ്ങളും പവിലിയനിൽ ഉണ്ട്. മേളയിലെ ഒമാൻ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണെന്ന് ബ്രൂണെയിലെ ഒമാന്റെ അംബാസഡർ ഇർമ ബിൻത് സഈ അൽ ഖത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.