മസ്കത്ത്: കോവിഡിന് മരുന്ന് കണ്ടെത്തുന്ന മുറക്ക് മുൻഗണനാക്രമത്തിൽ ലഭിക്കുന്നതിന് വേണ്ട നടപടികൾ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ സഇൗദി. 140 കമ്പനികളാണ് കോവിഡ് വാക്സിൻ നിർമിക്കുന്നതിനായി ശ്രമങ്ങൾ നടത്തുന്നത്. ഇതിൽ മൂന്ന്, നാല് കമ്പനികൾ ഏറെ മുന്നിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇൗ വർഷം അവസാന പാദത്തിനുമുമ്പ് മരുന്ന് പുറത്തിറങ്ങുമെന്ന് കരുതുന്നില്ലെന്നും സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിൽ സംസാരിക്കവേ ആരോഗ്യ മന്ത്രി പറഞ്ഞു.
മഹാമാരിയുടെ വ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ നടപടി പ്രതിരോധ നടപടികൾ കർക്കശമായി പാലിക്കുകയെന്നതാണ്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതിനാലാണ് ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്. രണ്ടാഴ്ചക്കുശേഷം ലോക്ഡൗൺ നീേട്ടണ്ടിവരില്ലെന്നാണ് കരുതുന്നത്. ലോക്ഡൗൺ കാലയളവിൽ രോഗബാധിതരാകുന്നവരുടെ എണ്ണം കണക്കിലെടുത്താകും ഇതുസംബന്ധിച്ച തീരുമാനമെടുക്കുകയെന്നും ഡോ. അൽ സഇൗദി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പരിശോധനക്ക് കൃത്യതയാർന്ന പരിശോധന പി.സി.ആർ ആണ്. ഇതിന് സ്വകാര്യ ആശുപത്രികൾ 45 റിയാലിൽ കൂടുതൽ നിരക്ക് ഇൗടാക്കരുതെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു. പി.സി.ആർ പരിശോധന നിരക്കുകൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അടുത്തിടെ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതുവരെ മൊത്തം 2.87 ലക്ഷം പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. നിലവിൽ 589 പേരാണ് ആശുപത്രികളിൽ ഉള്ളത്. ഇതുവരെ 3638 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. 169 പേരാണ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. മഹാമാരിയുടെ തുടക്കം മുതൽ 645 പേരെയാണ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മൊത്തം രോഗികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുേമ്പാൾ ഒമാനിലെ മരണനിരക്ക് 0.05 ശതമാനത്തിലും താഴെയാണ്. കോവിഡ് രോഗ ലക്ഷണങ്ങളുള്ളവർ ഹെൽത്ത് ക്വാറൻറീനിൽ പോകണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.
ഗുരുതരമല്ലാത്ത രോഗികൾക്കായി ഫീൽഡ് ആശുപത്രി സ്ഥാപിക്കുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്. രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ നില ഇപ്പോഴും ഭദ്രമാണ്. ആവശ്യക്കാർക്ക് ആർക്കും ചികിത്സയും ആശുപത്രി പ്രവേശനവും നിഷേധിച്ചിട്ടില്ല. രോഗബാധിതരിൽ ഏഴ് ശതമാനം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്നത്. ഇത് ആഗോള തലത്തിലെ കുറഞ്ഞ ശതമാനമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മൊത്തം രോഗബാധിതരിൽ 58 ശതമാനവും സ്വദേശികളാണ്. സമൂഹത്തിലെ എല്ലാ വിഭാഗമാളുകളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ കോവിഡ് വ്യാപനം മറികടക്കാനും മരണസംഖ്യ കുറക്കാനും സാധിക്കുകയുള്ളൂവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ലോക്ഡൗണുകളുടെ ലക്ഷ്യം ഒത്തുചേരലുകൾക്കുള്ള സാധ്യത കുറക്കുകയാണ്. എന്നാൽ, ഇവയെല്ലാം മറികടന്ന് ഒത്തുചേരലുകൾ നടക്കുകയാണ്. ഇതിെൻറയെല്ലാം ഫലമായി ചുരുങ്ങിയ നാളുകൾക്കുള്ളിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ മുൻനിരയിൽ ഒമാൻ എത്തിയതായി ആരോഗ്യ മന്ത്രി പറഞ്ഞു.
ആഗോളതലത്തിൽ മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലെ രോഗബാധ കുറവാണ്. എന്നിരുന്നാലും ഗുരുതര രോഗബാധിതരായ കുട്ടികൾക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും പ്രത്യേക കരുതൽ വേണം. ഇവരെ കുടുംബ ഒത്തുചേരലുകളിൽനിന്ന് അകറ്റിനിർത്തണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം 22 വയസ്സുകാരേൻറതാണ്. സർക്കാർ സംവിധാനങ്ങളിലെ സൗജന്യ കോവിഡ് പരിശോധന ചില കമ്പനികൾ ദുരുപയോഗം ചെയ്തതായും ഡോ. അൽ സഇൗദി പറഞ്ഞു. പല സെൻററുകളിലായി തങ്ങളുടെ തൊഴിലാളികളെ ഇവർ സൗജന്യ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയാണ് ചെയ്തത്. ആരോഗ്യ ഇൻഷുറൻസുള്ള വിദേശികൾക്ക് കോവിഡ് ചികിത്സ ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ മൂലം കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനമെടുക്കുന്നില്ലെന്നുപറഞ്ഞ ഡോ.സഇൗദി, ബലി പെരുന്നാൾ ദിവസങ്ങളിൽ എല്ലാവിധ ഒത്തുചേരലുകളിൽ നിന്നും വിട്ടുനിൽക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.