മസ്കത്ത്: നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനെ തുടർന്ന് റൂവിയിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചെങ്കിലും ഉപഭോക്താക്കൾ എത്തിയില്ല. കടകളെല്ലാം രാവിലെ മുതൽ തുറന്നുപ്രവർത്തിച്ചിരുന്നെങ്കിലും വ്യാപാരം പേരിന് മാത്രമായിരുന്നുവെന്നും കച്ചവടക്കാർ പറയുന്നു. പുറമെനിന്ന് ആളുകൾക്ക് വരാൻ കഴിയാത്തതിനാൽ കച്ചവടം തീരെ കുറവായിരുന്നു. റൂവിയിലും പരിസരത്തും താമസിക്കുന്നവർ മാത്രമാണ് എത്തിയത്. റൂവിയിലെ വ്യാപാരം പുറത്തുനിന്ന് എത്തുന്നവരെ ആശ്രയിച്ചാണ് നടക്കുന്നത്. പൊതുഗതാഗത സർവിസുകൾ സാധാരണ ഗതിയിലായാൽ മാത്രമേ റൂവിയിലെ വ്യാപാരം സാധാരണഗതി പ്രാപിക്കൂ. അതോടൊപ്പം ആറു മണിക്ക് വ്യാപാര സ്ഥാപനങ്ങൾ അടക്കേണ്ടിവരുന്നതും പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കടുത്ത ചൂടിനൊപ്പം പ്രവൃത്തിദിനംകൂടി ആയതും കച്ചവടത്തെ ബാധിച്ചു. ചൂടുമൂലം ജനങ്ങൾ പൊതുവെ വൈകുന്നേരമാണ് പുറത്തിറങ്ങുക.
രണ്ടു മാസത്തോളം അടച്ചിട്ടശേഷം സ്ഥാപനം തുറന്നെങ്കിലും ഒന്നോ രണ്ടോ ഉപഭോക്താക്കളാണ് ജ്വല്ലറിയിലെത്തിയതെന്ന് സോന ജ്വല്ലറി ബിസിനസ് െഡവലപ്മെൻറ് മാനേജർ അനൂപ് പറഞ്ഞു. റൂവിയിലെ പ്രധാന ജ്വല്ലറികളെല്ലാം തുറന്നിരുന്നെങ്കിലും എവിടെയും കാര്യമായി ഉപഭോക്താക്കൾ എത്തിയില്ല. സ്വർണവില കുത്തനെ ഉയർന്നതും ജ്വല്ലറികളിൽ തിരക്ക് കുറയാൻ കാരണമായി. ഗ്രാമിന് 21.500 റിയാലായിരുന്നു ഞായറാഴ്ചത്തെ നിരക്ക്. വില ഉയർന്നത് കാരണം പലരെയും സ്വർണം വാങ്ങുന്നതിൽനിന്ന് പിന്തിരിപ്പിക്കും. ശമ്പളവും മറ്റും ലഭിക്കാത്തതിനാൽ ജനങ്ങളുടെ കൈയിൽ പണമില്ലാത്തതും വ്യാപാരത്തെ ബാധിക്കുന്നുണ്ട്. സ്വർണം വാങ്ങുന്നവരെക്കാൾ വിൽപന നടത്തുന്നവരാണ് ഇപ്പോൾ കൂടുതലുള്ളത്. സ്വർണം വിൽപന നടത്താൻ പലരും ജ്വല്ലറികളിൽ എത്തുന്നതായും അദ്ദേഹം പറഞ്ഞു.
ലോക്ഡൗൺ കഴിഞ്ഞെങ്കിലും റൂവിയിലെ വ്യാപാര മേഖലക്ക് കാര്യമായ ചലനമെന്നുമുണ്ടായിട്ടില്ലെന്ന് റൂവിയിൽ മൊബൈൽ േഫാൺ കട നടത്തുന്ന വടകര തിരുവള്ളൂർ സ്വദേശി റഷീദ് പറഞ്ഞു. കടകളെല്ലാം തുറന്നെങ്കിലും പുറമെനിന്ന് ആളുകൾ എത്താത്തതിനാൽ കാര്യമായ ചലനമുണ്ടായിട്ടില്ല.
ലോക്ഡൗണിെൻറ മുമ്പുള്ളതിനെക്കാൾ 20 മുതൽ 30 ശതമാനം വരെ വ്യാപാരം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനാൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു. മൊബൈൽ കമ്പനികളും മൊത്തവ്യാപാര സ്ഥാപനങ്ങളും നേരത്തേ രണ്ടുമാസം വരെ ക്രെഡിറ്റുകൾ നൽകിയിരുന്നു. ലോക്ഡൗണിന് ശേഷം ഫോണുകൾക്കും മറ്റും റൊക്കം തുക കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്. പലർക്കും വില മുൻകൂറായി നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനാൽ കടകളിൽ സ്റ്റോക്ക് തീരെ കുറവാണ്. നേരത്തേ കമ്പനികൾ പുതിയ ഫോണുകൾ ഇറക്കുേമ്പാൾ നിരവധി പ്രമോഷൻ ഒാഫറുകൾ നൽകിയിരുന്നു. ഫോൺ വിറ്റശേഷം മാത്രം പണം നൽകിയാൽ മതിയെന്നതടക്കമുള്ള ഒാഫറുകളും ഉണ്ടായിരുന്നു. എന്നാൽ, ഇതൊന്നും ഇപ്പോൾ ലഭിക്കുന്നില്ല. ജനങ്ങൾക്ക് കമ്പനികളിൽനിന്നും മറ്റും ശമ്പളം കിട്ടാത്തതടക്കമുള്ള വിഷയങ്ങളും വ്യാപാരത്തെ ബാധിക്കുന്നുണ്ട്.
മത്രയിൽ മൊത്തവ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന് ഉത്തരവിലുണ്ടായിരുന്നെങ്കിലും ഇന്നലെ ഇത്തരം സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചിട്ടില്ല. എന്നാൽ, മത്രയിലേക്കുള്ള സഞ്ചാര നിയന്ത്രണം എടുത്തുകളഞ്ഞത് താമസക്കാർക്ക് ആശ്വാസം പകരുന്നുണ്ട്. കടകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയില്‍ ഞായറാഴ്ച വന്നവരൊക്കെ ശരിയായ അറിയിപ്പ് ലഭിക്കാത്തതിനാല്‍ തുറന്നില്ല. നിലവിൽ വാഹന ഗതാഗതം ഉണ്ടെങ്കിലും ഹോള്‍സെയില്‍ ഭാഗത്തും റോഡ് ഓരത്തുമുള്ള കടകളൊക്കെ അടഞ്ഞുതന്നെ കിടക്കുകയാണ്. സൂഖിലേക്കുള്ള കവാടങ്ങൾ രാവിലെ ബാരിക്കേഡ് വെച്ച് അടച്ച നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.