ഒമാനെതിരായ ആക്രമണം; ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

മസ്കത്ത്: സുൽത്താനേറ്റിനെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം. ആക്രമണത്തിന്റെ ഉറവിടങ്ങളും ലക്ഷ്യങ്ങളും കണ്ടെത്താൻ അധികൃതർ അന്വേഷണം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ആക്രമണം വഞ്ചനാപരവും ഭീരുത്വവുമാണെന്ന് വിശേഷിപ്പിച്ച സുൽത്താനേറ്റ്, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സജീവ അന്വേഷണത്തിലാണെന്ന് വ്യക്തമാക്കി. മേഖലയിലുടനീളം നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെയും യുദ്ധത്തെയും അധാർമികമായ സൈനിക ലക്ഷ്യങ്ങളെയും ഒമാൻ ശക്തമായി അപലപിച്ചു. സംഘർഷം രൂക്ഷമാകുന്നതിനെതിരായ നിലപാട് സുൽത്താനേറ്റ് ആവർത്തിക്കുകയും ചെയ്തു. മേഖലയിലെ എല്ലാ രാജ്യങ്ങൾക്കിടയിലും സമാധാനം, സുരക്ഷ, സ്ഥിരത എന്നിവക്കായി ആഹ്വാനം ചെയ്ത ഒമാൻ വിഷയത്തിൽ നിക്ഷ്പക്ഷ നിലപാട് ആവർത്തിച്ചു. നിലവിലുള്ള സംഘർഷം അവസാനിപ്പിക്കാനും മേഖലയിലെ പ്രതിസന്ധിയുടെ കാരണങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ചർച്ചയിലേക്ക് മടങ്ങാനും സുൽത്താനേറ്റ് ആവശ്യപ്പെട്ടു. പ്രാദേശിക സ്ഥിരത, സമൃദ്ധി, പൊതുജന സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് ഈ ശ്രമങ്ങൾ അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സലാല പോർട്ടിലെ പോർട്ടിലെ ഇന്ധന സംഭരണ ടാങ്കുകൾ ലക്ഷ്യം​വെച്ച് ശനിയാഴ്ച ഡ്രോൺ ആക്രമണം നടന്നിരുന്നു. രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് നടന്ന ആക്രമണത്തിൽ പോർട്ടിലെ   തൊഴിലാളിക്ക് പരിക്കേൽക്കുകയും ഒരു ക്രെയിനിന് ഭാഗികമായ നാശനഷ്ടമുണ്ടാവുകയും ചെയ്തു.

മാർച്ച് മൂന്നിനും മാർച്ച് 11 നും സലാല പോർട്ടിനു നേരെ ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. മാർച്ച് 11ന് നടന്ന ആക്രമണത്തിൽ ഇന്ധന സംഭരണ ടാങ്കുകൾക്ക് തീപിടിക്കുകയും നാശനഷ്ടങ്ങളെ തുടർന്ന് തുറമുഖത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ​ചെയ്തിരുന്നു.

ഇതിനു പുറമെ, മുമ്പ് ദുകം പോർട്ടിനു നേരെയും സുഹാറിലും ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    
News Summary - Attack on Oman; No one has claimed responsibility, says Ministry of Foreign Affairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.