സലാല: ലോക്ഡൗണിനെയും വിമാന വിലക്കിനെയും തുടർന്ന് കുടുങ്ങിപ്പോയ പ്രവാസികളുമായുള്ള സലാലയിൽനിന്നുള്ള ആദ്യ വിമാനം ഇന്ന് കോഴിക്കോടിന് യാത്രതിരിക്കും. വൈകീട്ട് 3.25ന് സലാലയിൽ നിന്ന് യാത്ര തിരിക്കുന്ന വിമാനം ഇന്ത്യൻ സമയം രാത്രി 8.40ഒാടെ കോഴിക്കോട് എത്തും. 180ഒാളം യാത്രക്കാരാണ് ഉണ്ടാവുക. എംബസി തയാറാക്കിയ മുൻഗണനാ പട്ടികയനുസരിച്ച് ടിക്കറ്റ് ചാർജ് അടച്ചവർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക. 76 റിയാലാണ് ടിക്കറ്റ് നിരക്ക്.
സാമ്പത്തിക പ്രയാസങ്ങൾ കാരണവും മറ്റും ചിലർക്ക് ടിക്കറ്റ് ചാർജ് അടക്കാൻ സാധിക്കാതിരുന്നതിനാൽ അവരുടെ ഒഴിവിൽ മറ്റുള്ളവർക്ക് അവസരം നൽകിയിട്ടുണ്ട്. കേരളത്തിെൻറ തെക്കുമുതൽ വടക്കുവരെയുള്ള സ്ഥലങ്ങളിലെ യാത്രക്കാർ വിമാനത്തിലുണ്ട്. ഇവർക്ക് സ്വദേശങ്ങളിലേക്കുള്ള യാത്രാ സൗകര്യത്തെക്കുറിച്ചോ ക്വാറൻറീൻ സംവിധാനങ്ങളെക്കുറിച്ചോ കൃത്യമായ അറിയിപ്പുകൾ ലഭിച്ചിട്ടില്ല. വിമാനത്താവളത്തിൽ എത്തുേമ്പാഴെങ്കിലും ഇക്കാര്യങ്ങളിൽ വ്യക്തത കൈവരുമെന്നാണ് കരുതുന്നത്. യാത്രക്കാർ നാലുമണിക്കൂർ മുമ്പായി എയർപോർട്ടിലെത്തണമെന്നാണ് എയർ ഇന്ത്യ അധികൃതർ അറിയിച്ചിട്ടുള്ളത്.
ഇ-മെയിൽ വഴി അയച്ചുകിട്ടിയിട്ടുള്ള സാക്ഷ്യപത്രം പൂരിപ്പിച്ച് ബോർഡിങ് പാസ് നൽകുന്ന സമയത്ത് സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ കോഴിക്കോെട്ട എമിഗ്രേഷനിൽ സമർപ്പിക്കുന്നതിനായി ഇന്ത്യയിലെ വിലാസവും മറ്റും രേഖപ്പെടുത്തിയ സാക്ഷ്യപത്രം രണ്ട് കോപ്പികൾ സഹിതം എല്ലാ യാത്രക്കാരും കൈയിൽ കരുതുകയും വേണം. സലാല എയർപോർട്ടിലെ ഗേറ്റ് ബി വഴിയാണ് യാത്രക്കാരെ പ്രവേശിപ്പിക്കുക. യാത്രക്കാർ നിർബന്ധമായും മുഖാവരണം ധരിക്കുകയും ക്വാറൻറീനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിഞ്ഞിരിക്കുകയും ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.
പണമില്ലെന്ന കാരണത്താൽ കഷ്ടപ്പെടുന്ന പ്രവാസികൾക്കായി ‘ഗൾഫ് മാധ്യമ’വും മീഡിയവണും ചേർന്നൊരുക്കിയ ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിലൂടെ സലാലയിൽ നിന്നും രണ്ടുപേരാണ് ഇന്ന് നാടണയാൻ പോകുന്നത്. മൂന്ന് മാസത്തിലേറെയായി ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായിരുന്ന തലശ്ശേരി സ്വദേശിയുടെ ഭാര്യക്കാണ് ‘ഗൾഫ് മാധ്യമം– മീഡിയവൺ’ പദ്ധതി കൈത്താങ്ങായത്. വിസിറ്റിങ് വിസയിൽ കഴിഞ്ഞിരുന്ന ഇവർ ഗർഭിണി കൂടിയായതിനാൽ ആശുപത്രി ചെലവുകൾക്ക് ഉൾപ്പെടെ ഏറെ പ്രയാസപ്പെട്ടിരുന്നു.
ഗർഭകാല പ്രയാസങ്ങൾ കാരണം എങ്ങനെയും നാടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. ജോലി നഷ്ടപ്പെട്ട ഭർത്താവും നാട്ടിലേക്ക് മടങ്ങുന്നുണ്ട്. വിസിറ്റിങ് വിസയിൽ വന്ന് നാലുമാസത്തോളമായി ജോലി ശരിയാവാതെ പ്രയാസപ്പെട്ട പത്തനംതിട്ട സ്വദേശിയായ മുനീറാണ് മിഷൻ വിങ്സ് ഓഫ് കംപാഷെൻറ സഹായത്തോടെ തിരിച്ചുപോകുന്ന മറ്റൊരാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.