മസ്കത്ത്: മിഡിലീസ്റ്റിലെ ഏറ്റവും വലിയ മറൈൻ ഫാം ഒമാനിലെ സുവൈഖിൽ തുറന്നു. കാർഷിക-മത്സ്യ വിഭവ മന്ത്രി ഹമദ് ബിൻ സഇൗദ് അൽ ഒൗഫി ഉദ്ഘാടനം ചെയ്തു. 2.65 ദശലക്ഷം റിയാൽ ചെലവിൽ തയാറാക്കിയ പദ്ധതി പ്രകാരം കടലിൽ കൃത്രിമ രീതിയിൽ മത്സ്യങ്ങൾക്കും കടൽജീവികൾക്കും പരിസ്ഥിതി ഒരുക്കാനുള്ള സൗകര്യമാണ് മറൈൻ ഫാമിലൂടെ യാഥാർഥ്യമാക്കിയിരിക്കുന്നതെന്ന് കാർഷിക മന്ത്രാലയം ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് സഇൗദ് അൽ മർസൂഖി പറഞ്ഞു. കടലിെൻറ ആഴങ്ങളിൽ ജീവിക്കുന്ന കടൽജീവികൾക്കും മത്സ്യങ്ങൾക്കും മനുഷ്യനിർമിതമായ ആവാസ വ്യവസ്ഥയാണ് ഫാമിലൂടെ ലഭ്യമായിരിക്കുന്നത്. പവിഴപ്പുറ്റുകൾ ഉൾപ്പെടെ കൃത്രിമമായി വെച്ചുപിടിപ്പിച്ചാണ് യഥാർഥത്തിൽ സമുദ്ര ആവാസ വ്യവസ്ഥയൊരുക്കിയിട്ടുള്ളത്.
മത്സ്യ സമ്പത്ത് വർധിക്കാനും മീൻപിടിത്തക്കാർക്ക് ഏറ്റവും മികച്ച അന്തരീക്ഷമൊരുക്കാനും സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. ഒമാനിൽ ഇൗ മേഖലയിൽ നിരവധി ചെറുകിട പദ്ധതികളുണ്ട്. രാജ്യത്തെ 14 വിലായത്തുകളിൽ 13,890 യൂനിറ്റുകളാണ് ഇൗ മേഖലയിൽ പ്രവർത്തിക്കുന്നത്. നോർത്ത് ബാതിനയിലെ സുവൈഖ് തീരത്ത് 20x7 കിലോമീറ്റർ വിസ്തൃതിയിലാണ് പദ്ധതി. “ഇത് ഒരു വലിയ അണ്ടർവാട്ടർ കൃത്രിമ ഫാമാണ്. സമാനമായ മറ്റു പ്രോജക്ടുകളിൽ കണ്ടെത്തിയതുപോലെ കൂടുതൽ മത്സ്യങ്ങളെ ആകർഷിക്കാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മേഖലയിലെ ഏറ്റവും വലുതായിരിക്കും ഇത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഞങ്ങൾ പൈലറ്റ് പ്രോജക്ടുകൾ നടത്തിയിട്ടുണ്ട്. പദ്ധതിയിലൂടെ വലിയ നേട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്’ -അഗ്രികൾച്ചറൽ ഫിഷറീസ് മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു. കൊറിയൻ കമ്പനിയായ ഹെയ്ജൂ ഗ്രൂപ്പാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
സുവൈഖ് മറൈൻ ഫാം ആർട്ടിഫിഷ്യൽ റീഫ് കോംപ്ലക്സ് എന്ന ഈ പദ്ധതിയിൽ 4,280 ലാൻഡിങ് റീഫ് യൂനിറ്റുകളാണുള്ളത്. സുവൈഖ് മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ഉറപ്പുവരുത്താനും പദ്ധതി ലക്ഷ്യമിടുന്നു. ഈ കൃത്രിമ റീഫ് കോംപ്ലക്സുകളിലൂടെ 15-30 മീറ്ററിൽ താഴെയുള്ള സമുദ്രത്തിലെ പ്രജനന കേന്ദ്രം പോലെയുള്ള പ്രകൃതിദത്ത ആവാസ വ്യവസ്ഥകളാണ് നിർമിച്ചിരിക്കുന്നത്. കുറഞ്ഞത് പത്തിരട്ടി മത്സ്യമെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ ദൂരം പോകേണ്ടതില്ലാത്തതിനാൽ പദ്ധതി പ്രയോജനപ്പെടും. ഇത് രാജ്യത്തിെൻറ ജി.ഡി.പി ഉയർത്തും. മത്സ്യബന്ധനം, സ്നോർക്കെല്ലിങ്, ഡൈവിങ് എന്നിവക്കായി ആളുകൾക്ക് ഈ സ്ഥലം സന്ദർശിക്കാൻ കഴിയുന്നതിനാൽ പദ്ധതി ഇക്കോ ടൂറിസത്തിനും കുതിപ്പ് പകരുന്നതാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.