മസ്കത്ത്: പാകിസ്താനുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇന്ത്യയെ പ്രേരിപ്പിക്കുന്നതിൽ ഇടപെടലുകൾ നടത്താൻ ഒമാന് കഴിയുമെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി മഖ്ദൂം ഷാ മഹ്മൂദ് ഖുറൈശി. ഒമാനിൽ മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിന് എത്തിയ മന്ത്രി മസ്കത്ത് ഡെയ്ലിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അഭിപ്രായമുന്നയിച്ചത്. ഇന്ത്യ തങ്ങളുടെ അയൽരാജ്യമാണ്. അവരുമായുള്ള ബന്ധം സാധാരണനിലയിൽ ആകണമെന്നതാണ് പാകിസ്താെൻറ ആഗ്രഹം. മേഖലയിൽ സമാധാനവും ഭദ്രതയും ഉണ്ടാകണമെന്നതാണ് തങ്ങളുടെ ആവശ്യം. പാകിസ്താനെ വിശ്വാസത്തിലെടുത്ത് ചർച്ചകൾ ആരംഭിക്കുന്നതിന് ഇന്ത്യയെ പ്രേരിപ്പിക്കാൻ ഒമാൻ തയാറായാൽ തങ്ങൾക്ക് അത് സ്വീകാര്യമാണെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. പാകിസ്താനുമായി ചർച്ചകൾ ആരംഭിക്കുന്നതിൽ നിന്ന് ഇന്ത്യ പുറംതിരിഞ്ഞ് നിൽക്കുകയും മടി കാണിക്കുകയുമാണ്.
ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഒമാന് അതിൽ മതിയായ ഇടപെടലുകൾ നടത്താൻ കഴിയുമെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. ഒൗദ്യോഗിക സന്ദർശനത്തിനായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാകിസ്താൻ വിദേശകാര്യ മന്ത്രി ഒമാനിൽ എത്തിയത്. വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി, മന്ത്രിസഭ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അടക്കമുള്ളവരുമായി മഖ്ദൂം ഷാ മഹ്മൂദ് ഖുറൈശി കൂടിക്കാഴ്ച നടത്തി. ഒമാൻ-പാകിസ്താൻ സംയുക്ത മന്ത്രിസഭ കമീഷെൻറ ഏഴാമത് യോഗവും വ്യാഴാഴ്ച നടന്നു. പാക് സംഘത്തെ മഖ്ദൂം ഷാ മഹ്മൂദ് ഖുറൈശിയും ഒമാൻ സംഘത്തെ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവിയുമാണ് നയിച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിൽ നിലനിൽക്കുന്ന സഹകരണവും സാമ്പത്തിക -നിക്ഷേപ ബന്ധങ്ങളും വർധിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഒമാനികൾക്ക് പാകിസ്താനിൽ ഒാൺ അറൈവൽ വിസ അനുവദിക്കുമെന്നും സന്ദർശനത്തിൽ മഖ്ദൂം ഷാ മഹ്മൂദ് ഖുറൈശി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.