നിർധനർ​ക്ക്​ ഇ​ന്ധ​നസ​ബ്​​സി​ഡി  ന​ൽ​ക​ണ​മെ​ന്ന്​ ശൂ​റാ കൗ​ൺ​സി​ൽ

മസ്കത്ത്: ഇന്ധനവിലയിലെ വർധനമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർധന സ്വദേശി കുടുംബങ്ങൾക്ക് കൈത്താങ്ങ് ഒരുക്കണമെന്ന് ശൂറാ കൗൺസിൽ. കുറഞ്ഞ വരുമാനക്കാർക്ക് പ്രതിമാസം 200 ലിറ്റർ എന്ന തോതിൽ സൗജന്യ ഇന്ധനം അനുവദിക്കണമെന്ന നിർദേശം ശൂറ സർക്കാറിന് മുന്നിൽ സമർപ്പിച്ചു.
 ഇന്ധനവിലയിലെ വർധന ഏറ്റവുമധികം ബാധിച്ച സമൂഹത്തിലെ ദുർബല വിഭാഗക്കാരെ സംരക്ഷിക്കാൻ ഇൗ നിർദേശം നടപ്പാക്കുന്നത് വഴി സാധിക്കുമെന്ന് കഴിഞ്ഞദിവസം നടന്ന ശൂറാ കൗൺസിൽ യോഗം വിലയിരുത്തിയതായി ഗൾഫ്ന്യൂസ് റിപ്പോർട്ട് ചെയ്തു. വിലയിൽ വന്നിരിക്കുന്ന മാറ്റം സമൂഹത്തിലെ പാവപ്പെട്ടവർക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സീബിൽനിന്നുള്ള ശൂറാ കൗൺസിൽ അംഗം ഹിലാൽ അൽ സർമി പറഞ്ഞു. ഇൗ ബാധ്യത മറികടക്കാൻ അവരെ സഹായിക്കേണ്ടത് സർക്കാറി​െൻറ കർത്തവ്യമാണ്. ഫെബ്രുവരി മുതൽ കൗൺസിൽ ഇത്തരത്തിലുള്ള നിർദേശം സർക്കാറിന് മുന്നിൽവെച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
വിലവർധന പാവപ്പെട്ടവരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്നതായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ എം 91 ഗ്രേഡിലുള്ള പെട്രോളിന് മാർച്ചിൽ വില വർധിച്ചിരുന്നില്ല. ബദൽ സംവിധാനം ഒരുക്കുന്നത് വരെ ഫെബ്രുവരിയിലെ നിരക്കിൽ ഇതി​െൻറ വില മരവിപ്പിക്കാനായിരുന്നു നിർദേശം. ഏപ്രിലിൽ ആകെട്ട രണ്ട് ഗ്രേഡ് പെട്രോളി​െൻറയും വിലയിൽ ആറു ബൈസയുടെ വീതം കുറവുവരുത്തിയിരുന്നു. സാമൂഹികക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളായവരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അഞ്ചു മക്കളുടെ പിതാവായ അഹ്മദ് അൽ ബലൂഷി തനിക്ക് ലഭിക്കുന്ന 350 റിയാൽ വരുമാനം കുടുംബത്തെ പോറ്റാൻ തികയുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. നേരത്തേ 20 റിയാലിന് പെട്രോൾ അടിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 45 റിയാലാണ് ചെലവ് വരുന്നത്.
 മറ്റൊരു സാമൂഹിക ക്ഷേമ പദ്ധതി ഗുണഭോക്താവായ മുഹമ്മദ് അൽ സലാമിയും ശൂറാ കൗൺസിലി​െൻറ നിർദേശം സർക്കാർ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ്. 
മൊത്തം 84,644 പേരാണ് ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കളായി ഉള്ളത്. 2015ൽ മൊത്തം 131 ദശലക്ഷം റിയാലാണ് സാമൂഹികക്ഷേമ പദ്ധതിക്കായി ചെലവഴിച്ചത്. 
 

Tags:    
News Summary - oman oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.