മസ്കത്ത്: ഒമാൻ അസംസ്കൃത എണ്ണവില ചൊവ്വാഴ്ച ബാരലിന് 100 ഡോളറിലേക്കു താഴ്ന്നു. ഒരു ദിവസംകൊണ്ട് 9.91 ഡോളറാണ് കുറഞ്ഞത്. തിങ്കളാഴ്ച 109.91 ഡോളറായിരുന്നു വില. റഷ്യൻ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് വില ഇത്രയും താഴുന്നത്. കഴിഞ്ഞ മാസം 28നു ശേഷമുള്ള കുറഞ്ഞ നിരക്കാണിത്. അന്താരാഷ്ട്ര എണ്ണവിപണിയിൽ ചില രാജ്യങ്ങളുടെ എണ്ണവില 100 ഡോളറിന് താഴെയെത്തിയിട്ടുണ്ട്.
ഒമാൻ എണ്ണവില കഴിഞ്ഞ ആഴ്ച 127.71 ഡോളർ വരെ എത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒമാൻ എണ്ണവിലയിൽ 27 ശതമാനമാണ് കുറവുണ്ടായത്. ആഗോള മാർക്കറ്റിൽ എണ്ണവില ബാരലിന് 139 ഡോളർ വരെ എത്തിയിരുന്നു. ഇതോടെ സ്വർണവിലയുടെ ഗ്രാഫും താഴേക്കിറങ്ങാൻ തുടങ്ങി.
ആഗോള മാർക്കറ്റിൽ വില കുറയാൻ നിരവധി കാരണമുണ്ട്. ഇറാനുമായുള്ള ആണവ കരാറിൽ ഉടൻ ഒപ്പിടണമെന്നുള്ള റഷ്യയുടെ ആവശ്യമാണ് വില കുറയാനുള്ള പ്രധാന കാരണം. ഇറാനുമായുള്ള ആണവ കരാർ പെട്ടെന്ന് പുനരാരംഭിക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇറാൻ ആണവപ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നും മാർക്കറ്റിലേക്ക് ഇറാൻ എണ്ണ ഒഴുകാൻ സാധ്യതയുണ്ടെന്ന ഊഹവുമാണ് വില കുറയാൻ പ്രധാന കാരണം. അതോടൊപ്പം ചൈനയിൽ വീണ്ടും ലോക്ഡൗൺ ആരംഭിച്ചതിനാൽ എണ്ണ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
കാനഡ എണ്ണ ഉൽപാദനം വർധിപ്പിച്ചതോടെ റഷ്യ എണ്ണക്ക് വിലക്കേർപ്പെടുത്തിയത് മൂലമുണ്ടായ കുറവ് നികത്താൻ കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലേക്കും യൂറോപ്പിലേക്കും എണ്ണ കയറ്റി അയക്കുന്നത് വർധിപ്പിക്കുമെന്ന് കനേഡിയൻ പ്രകൃതി വിഭവ മന്ത്രി പറഞ്ഞിരുന്നു. ആവശ്യമായി വന്നാൽ എണ്ണയും പ്രകൃതിവാതകവും പരസ്പരം കൈമാറുമെന്ന് ജി7 രാജ്യങ്ങളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനിടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ജപ്പാൻ വലിയ ഉൽപാദന രാജ്യമായ യു.എ.ഇയുമായി ചർച്ച നടത്തിയിരുന്നു.
എണ്ണവില കുറക്കണമെന്ന ആവശ്യമാണ് അബൂദബിയോട് ജപ്പാൻ പ്രധാനമന്ത്രി ഫോണിൽ ആവശ്യപ്പെട്ടത്. ഇത് അനുഭാവ പൂർവം പരിഗണിക്കാമെന്നാണ് അറിയിച്ചത്. നിലവിലെ അവസ്ഥയിൽ എല്ലാ ഉൽപാദന രാജ്യങ്ങളും എണ്ണ പരമാവധി വർധിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. യു.എ.ഇയായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നാലെ മറ്റു രാജ്യങ്ങളും ഉൽപാദനം വർധിച്ചതോടെ എണ്ണസംബന്ധമായ ആശങ്ക മാറുകയായിരുന്നു.
സ്വർണവിലയും കുറയാൻ തുടങ്ങിയിട്ടുണ്ട്. ഒമാനിലെ സ്വർണവ്യാപാര സ്ഥാപനങ്ങൾ ചൊവ്വാഴ്ച 22 കാരറ്റ് സ്വർണം ഗ്രാമിന് 23.450 റിയാലായിരുന്നു വില. തിങ്കളാഴ്ച 23.800 ആയിരുന്നു. കഴിഞ്ഞയാഴ്ച സ്വർണവില ഗ്രാമിന് 25.100 വരെ എത്തിയിരുന്നു. ഇവിടെനിന്നാണ് താഴേക്കു വന്നത്. എന്നാൽ, ചൊവ്വാഴ്ച റിയാലിന്റെ വിനിമയ നിരക്ക് അൽപം ഉയർന്നു. ചൊവ്വാഴ്ച റിയാലിന് 198.50 എന്ന നിരക്കാണ് വിനിമയ സ്ഥാപനങ്ങൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.