സൈനിക പരേഡിൽ സുൽത്താൻ ഹൈതം
ബിൻ താരിഖ് സല്യൂട്ട് സ്വീകരിക്കുന്നു
മസ്കത്ത്: വിവിധമേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അടയാളപ്പെടുത്തിയും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിന് കീഴിൽ നടത്തുന്ന വികസന കുതിപ്പുകളെ സാക്ഷ്യപ്പെടുത്തിയും ഒമാൻ 54ാം ദേശീയദിനം ആഘോഷിച്ചു.
ദേശസ്നേഹം പ്രകടിപ്പിച്ചും രാജ്യത്തിന് കൂറും പ്രഖ്യാപിച്ചും സുൽത്താന്‍ ഹൈതം ബിൻ താരിഖിന് അഭിവാദ്യമർപ്പിച്ചും ഗവർണറേറ്റുകളിൽ വിവിധങ്ങളായ പരിപാടികളാണ് നടന്നത്. വിവിധ വിലായത്ത് സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തിൽ റാലികളും സംഘടിപ്പിച്ചു. ദേശീയ പതാകയും സുൽത്താന്റെ ചിത്രങ്ങളും വഹിച്ചുള്ള റാലിയിൽ കുട്ടികളുമടക്കം നിരവധിപേർ പങ്കാളികളായി.
രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന സുൽത്താന്‍ നന്ദി അറിയിച്ചായിരുന്നു റാലികൾ. സാമൂഹിക, സാംസ്കാരിക പരിപാടികളും അരങ്ങേറി. ആഘോഷങ്ങൾക്ക് നിറം പകർന്ന് മസ്കത്തിലെ അൽ ഖൂദ്, സലാലയിലെ ഇത്തീൻ എന്നിവിടങ്ങളിൽ രാത്രി എട്ടോടെ കരിമരുന്ന് പ്രയോഗവും നടന്നു.
ദേശീയദിനാഘോഷ റാലിയിൽ പങ്കെടുക്കാൻ പോകുന്ന സുൽത്താൻ ഹൈതം ബിൻ താരിഖിന് നഖൽ വിലായത്തിൽ നൽകിയ വരവേൽപ്പ്
ഇരുസ്ഥലങ്ങളിലേക്കും മണിക്കൂറുകൾക്ക് മുന്നേ എത്തിയതിനാൽ പലയിടത്തും വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. വാഹനങ്ങളിൽ ഇരുന്നും മറ്റുമാണ് ആളുകൾ ഇത്തവണ വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും വീക്ഷിച്ചിരുന്നത്. റോഡിലെ തിരക്കുകാരണം പലർക്കും വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് എത്തിപ്പെടാനും സാധിച്ചില്ല.
ചെറിയ ഒരു ഇടവേളക്ക് ശേഷമാണ് ദേശീയദിനാഘോഷത്തിൽ കരിമരുന്ന് പ്രയോഗം തിരിച്ചെത്തുന്നത്. കഴിഞ്ഞ വർഷം ആഘോഷങ്ങൾ ഔദ്യോഗിക പരിപാടികളിൽ മാത്രം ഒതുങ്ങിയപ്പോൾ അതിന് മുന്നത്തെ വർഷം വെടിക്കെട്ടിന് പകരം ലേസർ ഷോകളായിരുന്നു നടത്തിയിരുന്നത്. 21ന് ഖസബിലെ ദബ്ദബയിലും രാത്രി എട്ടിന് വെടിക്കെട്ട് നടക്കും.
പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും വര്‍ണങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. റൂവി, മത്ര, അല്‍ ഖുവൈര്‍, ഗുബ്ര, ഗാല, അസൈബ, സലാല, സൂർ, സുഹാർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദീപങ്ങള്‍ തെളിഞ്ഞു.
മത്ര ബലദിയ പാര്‍ക്കിൽ നടന്ന ദേശീയദിനാഘോഷം
സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങൾ ദേശീയ ദിനാഘോഷം നടന്നു. അന്നം തരുന്ന രാജ്യത്തോട് ഐക്യപ്പെട്ട് പ്രവാസി സമൂഹവും ആഘോഷങ്ങളില്‍ പങ്കുചേർന്നു. സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലായിരുന്നു ആഘോഷങ്ങള്‍ നടന്നത്.
വിവിധ ഇടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും രകതദാന ക്യാമ്പുകളുമാണ് നടത്തിയത്. ദേശീയദിനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ പൊതു അവധി നാളെ മുതൽ തുടങ്ങും. വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പെടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഞായറാഴ്ചയാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.