സലാല: ഒമാന്റെ 52ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സുൽത്താനും ഒമാൻ ജനതക്കും ഐക്യദാർഢ്യമർപ്പിച്ച് സലാലയിൽ വൻ റാലി നടന്നു. സുൽത്താൻ ഖാബൂസ് മസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലിയിൽ സലാല സെന്റർ വഴി ഹാഫ പാലസിലാണ് സമാപിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ സ്വദേശികളും പ്രവാസികളുമായ ആയിരക്കണക്കിനാളുകൾ റാലിയിൽ അണിനിരന്നു. റാലിക്ക് പ്രദേശത്തെ വാലിമാരും ശൈഖുമാരും നേതൃത്വം നൽകി.
വിവിധ കലാരൂപങ്ങൾ റാലിക്ക് മാറ്റുകൂട്ടി. ഒമാൻ പതാകയും ഷാളും തൊപ്പിയുമണിഞ്ഞാണ് പ്രവാസികളും എത്തിയത്. പ്രവാസികളിൽ ഇന്ത്യൻ സോഷ്യൽ ക്ലബിനു കീഴിൽ അണിനിരന്ന ഇന്ത്യൻ സമൂഹത്തിന്റെതായിരുന്നു ഏറ്റവും വലിയ പങ്കാളിത്തം. വിവിധ സാംസ്കാരിക വിഭാഗങ്ങളും ഇതിൽ അണിചേർന്നിരുന്നു. കെ.എം.സി.സിയും ഐ.സി.എഫും അവരുടെ ബാനറുകൾക്ക് പിന്നിലായാണ് റാലിയിൽ പങ്കെടുത്തത്. ഇന്ത്യൻ സമൂഹത്തിന്റെ റാലിയിൽ ദഫ് മുട്ട്, കോൽക്കളി, തിരുവാതിര എന്നിവ ശ്രദ്ധേയമായി. ബംഗ്ലാദേശി സമൂഹവും റാലിയിൽ സജീവമായി. പ്രവാസികളായ മറ്റ് അറബ് വംശജരും പ്രത്യേക േബ്ലാക്കുകളായി റാലിയിൽ പങ്കെടുത്തു.
സുൽത്താന് അഭിവാദ്യമർപ്പിച്ചും ഒമാൻ ജനതയോട് ഐക്യപ്പെട്ടുമുള്ള മുദ്രാവാക്യങ്ങളും റാലിയിൽ മുഴങ്ങി. ഇന്ത്യൻ സോഷ്യൽ ക്ലബ് അമ്പത്തിരണ്ട് കിലോ കേക്ക് മുറിച്ച് വിതരണവും നടത്തി. ഇന്ത്യൻ കമ്യൂണിറ്റിക്ക് സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ഝാ, കോൺസുലാർ ഏജന്റ് ഡോ. സനാതനൻ എന്നിവർ നേതൃത്വം നൽകി. വൻ പൊലീസ് സന്നാഹങ്ങളോടെയാണ് റാലി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.