ഇംഗ്ലണ്ടിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖിന് എലിസബത്ത് രാജ്ഞി വിൻഡ്‌സർ കാസിലിൽ നൽകിയ സ്വീകരണം (ഫയൽ ഫോട്ടോ)
മസ്കത്ത്: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ഒമാന് നഷ്ടമായത് സുൽത്താനേറ്റുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയെ. ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ ഒമാനുമായി നിരവധി കരാറുകളിൽ ഒപ്പുവെക്കുന്നതിനും സംഭാവന നൽകിയ വ്യക്തിയായിരുന്നു അവർ. മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെയും ഭരണകാലംതൊട്ടേ സുൽത്താനേറ്റുമായി ഊഷ്മളബന്ധമാണ് കാത്തു സൂക്ഷിച്ചിരുന്നത്. 40ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി രാജ്ഞി ഒമാൻ സന്ദർശിച്ചതോടെ ബന്ധം കൂടുതൽ അരക്കിട്ടുറപ്പിക്കുകയും ചെയ്തു. സുൽത്താൻ ഖാബൂസിന്‍റെ വിയോഗവാർത്ത വളരെ വേദനയോടെയാണ് രാജ്ഞി സ്വീകരിച്ചത്. നിലവിലെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. കഴിഞ്ഞ ഡിസംബറിൽ ഇംഗ്ലണ്ടിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ സുൽത്താന് വിൻഡ്‌സർ കാസിലിൽ ഊഷ്മള വരവേൽപാണ് നൽകിയിരുന്നത്.
വർഷങ്ങളായി ഒമാനും യു.കെയും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിയാർജിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ താൽപര്യങ്ങൾ മുൻനിർത്തി ഇരുരാഷ്ട്രങ്ങളുട നേതൃത്വങ്ങൾ തമ്മിലുള്ള ഉറ്റ സൗഹൃദം കാത്തുസൂക്ഷിക്കുന്നതാണ് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇടയാക്കിയത്. വ്യാപാരം, വിദ്യാഭ്യാസം, സംസ്കാരം, പ്രതിരോധം, നയതന്ത്രം എന്നീ മേഖലകളിൽ സഹകരിച്ച് ഇരുരാഷ്ട്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഉയർന്നതോതിലുള്ള നിക്ഷേപങ്ങൾ വർധിപ്പിക്കാനായി ഒമാനും യുനൈറ്റഡ് കിങ്ഡവും ജനുവരിയിൽ ധാരണയിലെത്തിയിരുന്നു.
ലണ്ടനിൽ നടന്ന ചടങ്ങിൽ യു.കെയുടെ ഇൻവെസ്റ്റ്‌മെന്‍റ് ഓഫിസും ഒമാൻ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റിയും തമ്മിലുള്ള ധാരണപത്രത്തിൽ യു.കെയുടെ നിക്ഷേപമന്ത്രി ലോർഡ് ജെറി ഗ്രിംസ്റ്റോണും ഒമാൻ ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി പ്രസിഡന്‍റ അബ്ദുസ്സലാം അൽ മുർഷിദിയുമാണ് കരാറിൽ ഒപ്പിട്ടത്. പുതിയ പങ്കാളിത്തം യു.കെയും ഒമാനും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ക്ലീൻ എനർജി, ടെക്നോളജി തുടങ്ങിയ മേഖലകളിലെ വാണിജ്യനിക്ഷേപങ്ങളെ പിന്തുണക്കുകയും ചെയ്യും. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഡിസംബറിൽ ഡൗണിങ് സ്ട്രീറ്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയുടെ ഭാഗമായാണ് കരാറിലേർപ്പെട്ടത്.
സുൽത്താൻ അനുശോചിച്ചു; പതാകകൾ താഴ്ത്തിക്കെട്ടി
മസ്കത്ത്: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചിച്ചു. രാജ്ഞി സുൽത്താനേറ്റിന്‍റെ അടുത്ത സുഹൃത്തും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകിയ വ്യക്തിയുമായിരുന്നുവെന്ന് അനുശോചനസന്ദേശത്തിൽ പറഞ്ഞു. രാജ്ഞിയോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച പൊതു-സ്വകാര്യ മേഖലകളിലും വിദേശത്തുള്ള സുൽത്താനേറ്റിന്റെ എംബസികളിലും ഒമാൻ പതാകകൾ പകുതി താഴ്ത്തി.
''രാജ്ഞി തന്റെ 70 വർഷത്തെ ഭരണത്തിലുടനീളം, ലോകമെമ്പാടും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രചാരണത്തിന് വളരെയധികം സംഭാവന നൽകിയ വിവേകശാലിയായ നേതാവായാണ് അറിയപ്പെടുന്നത്. രാജ്ഞിയുടെ മരണത്തോടെ ഒമാന് പ്രമുഖ വ്യക്തിത്വത്തെയാണ് നഷ്ടപ്പെട്ടത്'' -ദിവാൻ ഓഫ് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.