ഒമാൻ ആദ്യത്തെ ടൂറിസ്റ്റ് ഹോട്ട് എയർ ബലൂൺ തുർക്കിയയിൽ പുറത്തിറക്കിയപ്പോൾ
മസ്കത്ത്: വിനോദ സഞ്ചാര മേഖലയുടെ കുതിപ്പ് ലക്ഷ്യമിട്ട് ഒമാൻ ആദ്യത്തെ ടൂറിസ്റ്റ് ഹോട്ട് എയർ ബലൂൺ പുറത്തിറക്കി. പദ്ധതിയുടെ പ്രമോഷണൽ ഘട്ടത്തിന്റെ ഭാഗമായി തുർക്കിയയിലെ കപ്പഡോഷ്യയിലാണ് ‘ഒമാൻ ബലൂൺസ്’ അവരരിപ്പിച്ചത്.
ടൂറിസം രംഗം വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. അതോടൊപ്പം ഒരു സവിശേഷ പ്രാദേശിക, അന്തർദേശീയ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുക. ഹോട്ട് എയർ ബലൂൺ ടൂറിസത്തിൽ അന്താരാഷ്ട്ര വൈദഗ്ധ്യം ആകർഷിക്കുകയും ഒമാനിൽ അത് പ്രാദേശികവൽക്കരിക്കുകയും ചെയ്യുക, ടൂറിസം അനുഭവങ്ങളുടെ വളർച്ചക്ക് സംഭാവന നൽകുക, ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികൾക്ക് പുതിയ ഓപ്ഷനുകൾ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ മേഖല നയിക്കുന്ന ടൂറിസം സംരംഭങ്ങൾക്കുള്ള മന്ത്രാലയത്തിന്റെ പിന്തുണയുമായി ഇത് യോജിക്കുന്നു.
‘ഒമാൻ ബലൂൺ നമ്പർ 1’ന്റെ ആദ്യ സർവിസ് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ബിദിയ വിലായത്തിൽനിന്ന് ആരംഭിക്കും. ആകാശത്തുനിന്ന് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള മികച്ച അവസരമായിരിക്കുമിത്. ടൂറിസ്റ്റ് ഹോട്ട് എയർ ബലൂണിന് സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകാരം നൽകിയിരുന്നു ഒമാനി കാലാവസ്ഥക്ക് അനുയോജ്യമായ തരത്തിലാണ് ഇതിന്റെ രൂപകൽപന. ഒരു പൈലറ്റും സഹായിയും അടങ്ങുന്ന സാങ്കേതിക സംഘത്തിനു പുറമേ 20 യാത്രക്കാരെവരെ ഉൾക്കൊള്ളാൻ കഴിയും.
അനുഭവപരിചയ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പനോരമിക് കാഴ്ചകൾ നൽകുന്നതിലും സജീവമായ പങ്ക് വഹിക്കുന്നതിനാൽ പൈതൃക, ടൂറിസം മന്ത്രാലയം പിന്തുണക്കുന്ന ഗുണപരമായ സംരംഭങ്ങളിലൊന്നാണ് ‘ഒമാൻ ബലൂൺസ്’.
ലോകത്തിലെ നിരവധി രാജ്യങ്ങളിൽ വരുമാന മാർഗമാണ് ഹോട്ട് ബലൂണുകൾ. ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ ഇതിന് വലിയ സ്വീകാര്യതയുണ്ട്. ദുബൈ, തുർക്കിയ, ഈജിപ്ത്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും ഇവയുണ്ട്. വലിയ ബലൂണിൽ കെട്ടിയ പ്രത്യേക കുട്ടയിലാണ് സഞ്ചാരികൾ ഇരിക്കുന്നത്. എല്ലാ സുരക്ഷ മാനദന്ധങ്ങളും പാലിച്ച് മാത്രമാണ് യാത്ര അനുവദിക്കുക. രണ്ടുപേർ മുതൽ 24 പേർക്ക് വരെ ഇരിക്കാൻ കഴിയുന്ന ബാസ്ക്കറ്റുകളാണ് ബലൂണിൽ ഘടിപ്പിച്ചിരിക്കുക. കുടുതൽ പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബലൂണുകൾക്ക് വലുപ്പവും വർധിക്കും. ആദ്യ കാലത്ത് ബലൂണിന്റെ ആകൃതിയിലാണുണ്ടായിരുന്നതെങ്കിൽ ഇന്ന് പല രൂപത്തിലും വർണങ്ങളിലുമുള്ള ഹോട്ട് ബലൂണുകളുണ്ട്. രണ്ടാൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബലൂണുകൾക്ക് 600 ഘന മീറ്റർ വിസ്തൃതിയുണ്ടാവും. 24 പേർക്ക് ഇരിക്കാൻ കഴിയുന്നവക്ക് 17,000 ഘന മീറ്ററാണ് വിസ്തൃതി. മൂന്ന് മുതൽ അഞ്ച് വരെ പേർക്ക് കയറാൻ കഴിയുന്ന ബലൂണുകൾക്ക് 2800 ഘന മീറ്റർ വിസ്തൃതിയും ഉണ്ടാവും.
താഴ് ഭാഗത്തുള്ള തുറന്ന ഭാഗം വഴി ചൂടുള്ള വായും കയറ്റിയാണ് ബലൂൺ പറത്തുന്നത്. ചൂടുള്ള വായു അന്തരീക്ഷ വായുവിനെക്കാൾ ഭാരം കുറഞ്ഞതായതിനാൽ അതിവേഗം പറന്നുപൊങ്ങും. ബലൂണുമായി ബന്ധിപ്പിച്ച പ്രത്യേക ബർണർ ഉപയോഗിച്ചാണ് തീ ബലൂണിലുള്ളിലേക്ക് അടിച്ച് കയറ്റുന്നത്.
തീ പിടിക്കാത്ത പ്രത്യേകം നൈലോൺ വസ്തുകൊണ്ടാണ് ബലൂണുകൾ നിർമിച്ചിരിക്കുന്നത്. വിമാനത്തിന്റെ ആദ്യരൂപമായ ബലൂണുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1967 ലാണ് പുതിയ രീതിയിലുള്ള ഹോട്ട് ബലൂണുകൾ നിലവിൽ വന്നത്. നിരവധി തുറസ്സായ പ്രദേശങ്ങളും മരുഭുകളും അടങ്ങിയ ഭൂപ്രകൃതിയുള്ള ഒമാനിൽ ഹോട്ട് ബലൂണുകൾക്ക് വൻ സാധ്യതയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.