മസ്കത്ത്: വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് ഒമാൻ-കുവൈത്ത് സംയുക്ത സമിതിയുടെ ഒമ്പതാമത് സമ്മേളനം മസ്കത്തിൽ നടന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല ജാബിർ അൽ സബാഹിന്റെയും കാർമികത്വത്തിലായിരുന്നു സമ്മേളനം. ഒമാനും കുവൈത്തും തമ്മിലുള്ള ബന്ധം എല്ലാ തലങ്ങളിലും പുരോഗമിച്ചിട്ടുണ്ടെന്ന് സയ്യിദ് ബദർ തന്റെ പ്രസംഗത്തിൽ പറഞ്ഞു. നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക, വിനോദസഞ്ചാര, ശാസ്ത്ര മേഖലകളിൽ ആ ബന്ധം വികസിപ്പിച്ചെടുക്കാൻ ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങളുടെ താൽപര്യങ്ങളെക്കുറിച്ച് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. സാമ്പത്തിക, സാംസ്കാരിക, ശാസ്ത്ര, കല, വിദ്യാഭ്യാസ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും നിക്ഷേപാവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സമിതിയുടെ പ്രവർത്തനങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് ഷെയ്ഖ് സലിം പറഞ്ഞു.
യോഗത്തിൽ, പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളും ചർച്ച ചെയ്തു. ഒമാനും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി കരാറുകളിൽ ഒപ്പുവെക്കുമെന്ന് ഷെയ്ഖ് സലിം ഒമാൻ ന്യൂസ് ഏജൻസിയോട് (ഒ.എൻ.എ) പറഞ്ഞു. ലാഭകരമായ നിക്ഷേപ അവസരങ്ങൾ ഉള്ളതിനാൽ ഒമാനിൽ നിക്ഷേപം നടത്താൻ അദ്ദേഹം കുവൈത്തിലെ നിക്ഷേപകരോടും സ്വകാര്യ മേഖലയോടും ആഹ്വാനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിനായി 2003ലാണ് സംയുക്ത ഒമാനി-കുവൈത്ത് കമ്മിറ്റി സ്ഥാപിതമായത്.
സാമ്പത്തിക, ബിസിനസ്, സാംസ്കാരിക, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക മേഖലകളിൽ വിവിധ വിഷയങ്ങളാണ് സമിതിയുടെ അജണ്ടയിൽ വരുന്നത്. ഒമാൻ ഭാഗത്തുനിന്ന് മന്ത്രിയുടെ ഓഫിസ് വകുപ്പ് മേധാവി ഖാലിദ് ഹാഷിൽ അൽ മുസെൽഹി, ജി.സി.സി വകുപ്പ് മേധാവി ഷെയ്ഖ് അഹമ്മദ് ഹാഷിൽ അൽ മസ്കാരി, അറബ് സഹകരണ വകുപ്പ് മേധാവി അംബാസഡർ യൂസഫ് സഈദ് അൽ അമ്രി, കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സലേഹ് അമീർ അൽ ഖറൂസി, കുവൈത്തിന്റെ പക്ഷത്തുനിന്ന് ജി.സി.സി കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി സലിം ഗസ്സബ് അൽ സമാനാൻ, മന്ത്രിയുടെ ഓഫിസ് കാര്യങ്ങളുടെ വിദേശകാര്യ സഹമന്ത്രി നവാഫ് അബ്ദുൽ ലത്തീഫ് അൽ അഹമ്മദ്, ഒമാനിലെ കുവൈത്ത് അംബാസഡർ മുഹമ്മദ് നാസിർ അൽ ഹജ്രി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.