മസ്കത്ത്: ലോകബാങ്ക് തയാറാക്കിയ വ്യവസായ സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒമാന് ആഗോളതലത്തിൽ 71ാം സ്ഥാനം. 190 രാജ്യങ്ങളെ ഉൾപ്പെടുത്തി തയാറാക്കിയ ‘ഇൗസ് ഒാഫ് ഡൂയിങ് ബിസിനസ്’ റാങ്കിങ്ങിൽ ജി.സി.സി രാഷ്ട്രങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഒമാൻ.വേഗത്തിൽ ബിസിനസ് തുടങ്ങാൻ കഴിയുന്ന 31ാമത്തെ രാജ്യമാണ് ഒമാൻ. നിർമാണ അനുമതികളുടെ ലഭ്യതയിൽ 60ാം സ്ഥാനവും വൈദ്യുതി ലഭ്യതയിൽ 61ാം സ്ഥാനവും വസ്തു രജിസ്ട്രേഷൻ വിഭാഗത്തിൽ 54ാം സ്ഥാനവുമാണ് സുൽത്താനേറ്റിനുള്ളത്.വായ്പ ലഭ്യതയിൽ 133, ന്യൂനപക്ഷക്കാരായ നിക്ഷേപകരുടെ സംരക്ഷണത്തിൽ 124, അതിർത്തികടന്നുള്ള വ്യാപാരത്തിൽ 72 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ റാങ്കിങ്. എളുപ്പത്തിൽ നികുതി അടക്കാവുന്ന രാഷ്ട്രങ്ങളിൽ 11ാം സ്ഥാനവും ഒമാനുണ്ട്.
കഴിഞ്ഞ റാങ്കിങ്ങിൽ ഒമാന് 66ാം സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. ഏറ്റവും പുതിയ പട്ടികയിൽ 21ാം സ്ഥാനത്തുള്ള യു.എ.ഇയാണ് ജി.സി.സി രാഷ്ട്രങ്ങളിൽ മുന്നിൽ. ബഹ്റൈൻ 66ാം സ്ഥാനത്തും ഖത്തർ 83ാമതും സൗദി 92ാമതും കുവൈത്ത് 96ാം സ്ഥാനത്തുമാണുള്ളത്.ഒമാനിൽ ആറു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഒരു ബിസിനസ് ആരംഭിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ‘മെന’ മേഖലയിലെ മൊത്തം ശരാശരി കണക്കിലെടുക്കുേമ്പാൾ ഇത് 18.6 ദിവസമാണ്.നിർമാണ അനുമതികളുമായി ബന്ധപ്പെട്ട് 172 ദിവസമാണ് ഒമാനിൽ എടുക്കുന്നത്. ‘മെന’മേഖലയിൽ ഇത് ശരാശരി 132 ദിവസമാണ്. യു.എ.ഇയിൽ പത്ത് ദിവസം കൊണ്ടും ‘മെന’മേഖലയിൽ ശരാശരി 81.4 ദിവസം കൊണ്ടും വൈദ്യുതി ലഭിക്കുേമ്പാൾ ഒമാനിൽ 62 ദിവസം എടുക്കും.വസ്തു രജിസ്ട്രേഷന് ശരാശരി 16 ദിവസം വരെയാണ് ഒമാനിൽ കാലപരിധി. ‘മെന’ മേഖലയിൽ ഇത് 30.3 ദിവസമാണ്. ന്യൂസിലാൻറാണ് തുടർച്ചയായ രണ്ടാം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനത്ത്.കഴിഞ്ഞ വർഷം 130ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കുറി നൂറാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.