മസ്കത്ത്: ടൂറിസം മേഖലക്ക് കുതിപ്പേകി രാജ്യത്ത് ഈ വർഷം 35 ലക്ഷം വിനോദസഞ്ചാരികള്‍ എത്തുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ ഫിച്ചുമായി ബന്ധപ്പെട്ട ബിസിനസ് മോണിറ്റർ ഇന്റർനാഷനലിന്റെ (ബി.എം.ഐ) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2022ൽ ഒമാനിലെ ടൂറിസം മേഖലയുടെ വീണ്ടെടുപ്പ് പ്രതീക്ഷിച്ചതിലും ശക്തമായിരുന്നുവെന്നും ഈ വർഷവും പോസിറ്റിവ് ട്രെൻഡ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം 29 ലക്ഷം വിദേശ സഞ്ചാരികളാണ് എത്തിയത്.
ഈ വര്‍ഷം മിഡിലീസ്റ്റ് മേഖലയില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികള്‍ ഒമാനിലെത്തുക. ഇവരുടെ എണ്ണം 15 ലക്ഷമായിരിക്കും. ഏഷ്യ-പസഫിക് മേഖലയില്‍ നിന്ന് 6.6 ലക്ഷവും യൂറോപ്പില്‍നിന്ന് 3.2 ലക്ഷവും അമേരിക്കയില്‍നിന്ന് 72,800 പേരും ആഫ്രിക്കയില്‍നിന്ന് 72,000 പേരും എത്തും. രാജ്യത്ത് നിരവധി വിനോദസഞ്ചാര പദ്ധതികളാണ് പുരോഗമിക്കുന്നത്.
നിരവധി സാഹസിക വിനോദസഞ്ചാര പദ്ധതികള്‍ 2025ഓടെ പൂര്‍ത്തിയാകും. ഇതിന് പുറമെ മറ്റ് പ്രധാന പദ്ധതികളുമുണ്ട്. ഇവയെല്ലാം വിദേശ വിനോദസഞ്ചാരികളെ തൃപ്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ പ്രകൃതിരമണീയത, വന്യജീവികള്‍, ചരിത്രപരവും സാംസ്കാരികവുമായ പൈതൃകങ്ങള്‍, വിനോദസഞ്ചാര വിപണിയോടുള്ള രാജ്യത്തിന്റെ ചേര്‍ച്ച ഇതെല്ലാം സഞ്ചാരികളെ ഒമാനിലേക്ക് ആകർഷിക്കുന്നതാണെന്ന് ബി.എം.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
സാഹസികത, പരിസ്ഥിതി വിനോദസഞ്ചാരം, സമുദ്ര കായികവിനോദങ്ങള്‍ എന്നിവക്കെല്ലാം അനുയോജ്യമാണ് സുൽത്താനേറ്റിന്റെ മണ്ണ്. ഇതിനുപുറമെ ഇവിടുത്തെ ജനങ്ങളുടെ ആതിഥ്യമര്യാദയും ടൂറിസ്റ്റുകളുടെ മനം കവരുന്നതാണ്. ടൂറിസം രംഗത്തെ വിണ്ടെടുപ്പിനായി വിവിധങ്ങളായ പദ്ധതികളും മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്. 2023 മുതല്‍ 2027 വരെയുള്ള ഇടക്കാലത്ത് രാജ്യത്തെത്തുന്ന സഞ്ചാരികളുടെ ശരാശരി വാര്‍ഷിക വളര്‍ച്ച 7.4 ശതമാനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. വിശ്രമത്തിനും വാണിജ്യ വിനോദസഞ്ചാരത്തിനുമുള്ള ആവശ്യകത വര്‍ധിക്കുന്നതാണ് കാരണം. ഇത് ആഭ്യന്തര നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.