മസ്കത്തിൽ നടന്ന ഒമാൻ-ഇന്ത്യ ബിസിനസ് ഫോറത്തിൽനിന്ന്
മസ്കത്ത്: ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ), വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവുമായി സഹകരിച്ച് ഒമാൻ-ഇന്ത്യ ബിസിനസ് ഫോറം സംഘടിപ്പിച്ചു.
സുസ്ഥിര പങ്കാളിത്തം വളർത്തിയെടുക്കുന്നതിലൂടെയും പുതിയ നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിലൂടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുക എന്നതായിരുന്നു ഫോറത്തിന്റെ ലക്ഷ്യം. കെമിക്കൽസ്, പവർ ഇലക്ട്രോണിക്സ്, എൻജിനീയറിങ്, നിർമാണം, ഐ.ടി സേവനങ്ങൾ, സൗരോർജം, ആരോഗ്യ സംരക്ഷണം, കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകൾ ഫോറം പരിശോധിച്ചു.
ഒമാനിലെയും ഇന്ത്യയിലെയും ബിസിനസ് നേതാക്കൾക്കും നിക്ഷേപകർക്കും ബന്ധപ്പെടാനും ആശയങ്ങൾ പങ്കിടാനും വളർച്ചാ സാധ്യതകൾ പര്യവേക്ഷണം ചെയ്യാനുമുള്ള ഒരു തന്ത്രപരമായ വേദി എന്ന നിലയിൽ ഫോറത്തിന് വളരെ അധികം പ്രാധാന്യമുണ്ടെന്ന് ഒ.സി.സി.സി.ഐ ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് പറഞ്ഞു.
വ്യാപാര ബന്ധങ്ങൾക്ക് പുതിയ വാതിലുകൾ തുറക്കുന്നതിൽ ഫോറത്തിന്റെ പങ്കിനെ പറ്റി പറഞ്ഞ അദ്ദേഹം, സാമ്പത്തിക വളർച്ചയുടെ നിർണായക ചാലകങ്ങളായ പ്രധാന മേഖലകളിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അൽ റവാസ് ചൂണ്ടിക്കാണിച്ചു.
ഇരു രാജ്യങ്ങളിലെയും നിക്ഷേപ അവസരങ്ങൾ ചടങ്ങിൽ സംസാരിച്ച ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ഹർഷ വർധൻ അഗർവാൾ വിശദീകരിച്ചു. വ്യാപാര, നിക്ഷേപ വിനിമയങ്ങൾ വർധിപ്പിക്കുന്നതിനുള്ള സമയോചിതമായ നടപടിയാണ് ഫോറമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒമാന്റെ വിഷൻ 2040, ഇന്ത്യയുടെ വിഷൻ 2047 എന്നിവയുൾപ്പെടെ ഇരു രാജ്യങ്ങളുടെയും ദീർഘകാല വളർച്ചാ തന്ത്രങ്ങളുമായി ഫോറം യോജിക്കുന്നതാണെന്ന് ഒ.സി.സി.ഐ ബോർഡ് അംഗം ഡോ. അബ്ദുല്ല ബിൻ മസൂദ് അൽ ഹാർത്തി ചൂണ്ടികാണിച്ചു.
ഒമാനും ഇന്ത്യയും തമ്മിലുള്ള അടുത്ത ചരിത്രപരവും സാമ്പത്തികവുമായ ബന്ധത്തെക്കുറിച്ച് സംസാരിച്ച അൽ ഹാർത്തി, വ്യാപാര വിനിമയം വർധിപ്പിക്കുന്നതിനപ്പുറം, എല്ലാ കക്ഷികൾക്കും നൂതനാശയങ്ങളും വ്യക്തമായ നേട്ടങ്ങളും വളർത്തിയെടുക്കുക എന്നതാണ് ഫോറത്തിന്റെ ലക്ഷ്യമെന്നും പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും സാമ്പത്തിക പങ്കാളിത്തങ്ങളെയും നിക്ഷേപ അവസരങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നതിനായി, ഒസി.സി.ഐ, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ഇന്ത്യൻ പ്രതിനിധി സംഘം എന്നിവരുടെ അവതരണങ്ങളും ഫോറത്തിൽ നടന്നു. ഇരുരാജ്യങ്ങളിലെയും ബിസിനസ് ഉടമകൾ പ്രത്യേക അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും ബിസിനസ് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട മേഖലകളിലെ സഹകരണത്തിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി ഉഭയകക്ഷി യോഗങ്ങളിൽ പങ്കെടുത്തു.
ഫോറത്തിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഇന്ത്യയുടെ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ഹർഷ വർധൻ അഗർവാൾ, മറ്റ് പ്രമുഖ ഉദ്യോഗസ്ഥർ, ബിസിനസ് നേതാക്കൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.