ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി
ഗൾഫ് രാജ്യങ്ങൾക്കിടയിൽ ആക്രമണരഹിത കരാർ വേണം: ഒമാൻ വിദേശകാര്യ മന്ത്രി
മസ്കത്ത്: ഗൾഫ് മേഖലയിലെ എട്ട് രാജ്യങ്ങൾക്കിടയിൽ ആക്രമണരഹിത കരാർ (നോൺ അഗ്രഷൻ പാക്ട്) രൂപീകരിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി. മേഖലയുടെ സുരക്ഷ ഉത്തരവാദിത്തം രാജ്യങ്ങൾ ഒറ്റക്കെട്ടായി ഏറ്റെടുക്കണമെന്നും പുറംശക്തികളെ അമിതമായി ആശ്രയിക്കുന്ന രീതി കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗൾഫ് സഹകരണ കൗൺസിലിലെ ആറ് രാജ്യങ്ങൾക്കൊപ്പം ഇറാനും ഇറാഖും ഉൾപ്പെടുന്ന സമഗ്രമായ പ്രാദേശിക സുരക്ഷാ സംവിധാനമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. പരസ്പര വിശ്വാസം വളർത്താനും തർക്കങ്ങൾ പരിഹരിക്കാനും മേഖലയിലെ സ്ഥിരത ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
അയൽരാജ്യങ്ങളുടെ സുരക്ഷയുമായി ഒമാന്റെ സുരക്ഷ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സംഘർഷങ്ങൾ ഒഴിവാക്കാനും സമാധാനം വ്യാപിപ്പിക്കാനും നയതന്ത്ര ചർച്ചകൾ തുടരുകയാണെന്നും അൽ ബുസൈദി വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ നടന്ന ചർച്ചകൾ ഗണ്യമായ പുരോഗതി കൈവരിച്ചിരുന്നുവെന്നും കരാർ സാധ്യമാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹുർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽഗതാഗതം ഉറപ്പാക്കുന്നതിനുള്ള താൽക്കാലിക ക്രമീകരണങ്ങൾ നടപ്പാക്കുന്നതിന് അമേരിക്കയും ഇറാനും പ്രായോഗികമായ ധാരണയിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.