സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി

ഗൾഫ് സുരക്ഷാ സംവിധാനത്തിൽ ഇറാനും ഇറാഖും വേണം: ഒമാൻ വിദേശകാര്യ മന്ത്രി

മസ്‌കത്ത്: ഗൾഫ് മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ജിസിസിയിലെ ആറ് രാജ്യങ്ങൾക്കൊപ്പം ഇറാനെയും ഇറാഖിനെയും ഉൾപ്പെടുത്തി സമഗ്രമായ പ്രാദേശിക സുരക്ഷാ സംവിധാനം രൂപവത്കരിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി. മേഖലയിലെ സുരക്ഷയുടെ ഉത്തരവാദിത്തം രാജ്യങ്ങൾ ഒറ്റകെട്ടായി ഏറ്റെടുക്കണമെന്നും പുറംശക്തികളെ അമിതമായി ആശ്രയിക്കുന്ന രീതി കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിലാണ് സയ്യിദ് ബദർ ഒമാന്റെ നിലപാട് വ്യക്തമാക്കിയത്. തർക്കങ്ങൾ പരിഹരിക്കാനും മേഖലയിൽ ദീർഘകാല സ്ഥിരത ഉറപ്പാക്കാനും എല്ലാ രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന സുരക്ഷാ സംവിധാനത്തിന് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അയൽരാജ്യങ്ങളുടെ സുരക്ഷയുമായി ഒമാന്റെ സുരക്ഷ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും സമാധാനം വ്യാപിപ്പിക്കുന്നതിനും നയതന്ത്ര ചർച്ചകൾ തുടരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ നടന്ന ചർച്ചകൾ ഗണ്യമായ പുരോഗതി കൈവരിച്ചിരുന്നുവെന്നും കരാറിലെത്താൻ കഴിയുമെന്ന പ്രതീക്ഷ നിലനിന്നിരുന്നുവെന്നും സയ്യിദ് ബദർ ചൂണ്ടിക്കാട്ടി. ഹുർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽഗതാഗതം ഉറപ്പാക്കാൻ അമേരിക്കയും ഇറാനും പ്രായോഗിക ധാരണയിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Gulf Security Architecture Must Include Iran and Iraq: Oman Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.